ആശാൻ സ്മാരക കവിതാ പുരസ്കാരം വി എം ഗിരിജയ്ക്ക്
ചെന്നൈ > 2024ലെ ആശാൻ സ്മാരക കവിതാ പുരസ്കാരം വി എം ഗിരിജയ്ക്ക്. അമ്പതിനായിരം രൂപയും, ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ആശാൻ മെമ്മോറിയൽ അസോസിയേഷനാണ് പുരസ്കാരം നൽകുന്നത്. ഡോ. പി വി കൃഷ്ണൻ നായർ ചെയർമാനും, കവി ദേശമംഗലം രാമകൃഷ്ണൻ, നിരുപക ശ്രീമതി ശാരദക്കുട്ടി എന്നിവർ ജൂറികളായ സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്. സ്വപ്നങ്ങളുടെയും സങ്കൽപ്പങ്ങളുടെയും ചിറകുകള്‍ ഉണ്ടായിട്ടും പറക്കാൻ കഴിയാത്തവർക്ക് വാക്കിന്റെ ചിറകുകൾ നൽകുന്ന കവിയാണ് വി എം ഗിരിജ എന്ന് ജൂറി വിലയിരുത്തി. 2024 ഡിസംബർ 21ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ പുരസ്‌കാരം സമർപ്പിക്കും. കവിയും, നോവലിസ്റ്റുമായ മനോജ് കുറൂർ മുഖ്യ പ്രഭാഷണം നടത്തും. Read on deshabhimani.com