മോഡിക്കെതിരായ ട്രോൾ പ്രോ​ഗ്രാം ഏഷ്യാനെറ്റ് വീണ്ടും മുക്കിയോ?; കാണാനില്ലല്ലോയെന്ന്‌ പ്രേക്ഷകർ



കൊച്ചി > ബിജെപി ഭീഷണിക്കു മുൻപിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ ട്രോൾ പ്രോഗ്രാം വീണ്ടും ഏഷ്യാനെറ്റ്‌ ന്യൂസ്‌ മുക്കിയെന്ന്‌ പ്രേക്ഷകർ. ചാനലിലെ "ഗം' പരിപാടിയിൽ സംപ്രേഷണം ചെയ്യാനിരുന്ന "എല്ലാമേ നന്മക്ക് വേണ്ടിയല്ലേ..' എന്ന തലക്കെട്ടോടെയുള്ള എപ്പിസോഡാണ്‌ ചാനൽ യൂടൂബിൽ നിന്ന് മുക്കിയത്‌. സമൂഹമാധ്യമങ്ങളിലാണ്‌ ഏഷ്യാനെറ്റ്‌ മാധ്യമപ്രവർത്തകരോട്‌ പരിപാടിയെപ്പറ്റി ചോദ്യങ്ങളെത്തിയത്‌. കോപ്പി റൈറ്റ്‌ ഇഷ്യൂ കാരണമാണ്‌ പരിപാടി യൂട്യൂബിൽ അടക്കം കൊടുക്കാത്തത്‌ എന്നാണ്‌ ചാനലിന്റെ ന്യായീകരണം. എന്നാൽ പരിപാടിയുടെ മുൻ വീഡിയോകളിലും കോപ്പി റൈറ്റ്‌ ഉള്ള വീഡിയോകൾ ഉൾപ്പെടുത്തിയിട്ടില്ലേ എന്നാണ്‌ പ്രേക്ഷകരുടെ ചോദ്യം. "ഗം' പരിപാടിയുടെതന്നെ മുൻ എപ്പിസോഡുകളും ഏഷ്യാനെറ്റ്‌ ന്യൂസിന്റെ യൂട്യൂബ്‌ ചാനലിൽ ലഭ്യമാണ്‌. ഗുജറാത്തിലെ മോർബി തൂക്കുപാല ദുരന്തത്തിൽ അപകടത്തിൽപ്പെട്ടവരെ കാണാൻ മോഡി എത്തിയപ്പോൾ ബിജെപി നടത്തിയ ഫോട്ടോഷൂട്ടിനെ കളിയാക്കുന്ന പരിപാടി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‌തില്ല എന്നതാണ്‌ പ്രധാന ചർച്ച. പരിപാടി വ്യാഴാഴ്‌ച സംപ്രേക്ഷണം ചെയ്തെന്നാണ് ഏഷ്യാനെറ്റ് അണിയറപ്രവർത്തകരുടെ വാദം. എന്നാൽ രണ്ടുദിവസമായിട്ടും ഏഷ്യാനെറ്റിന്റെ യൂടൂബ് ചാനലിൽ പരിപാടി പബ്ലിഷ് ചെയ്‌തിട്ടില്ല. പ്രസ്‌തുത എപിസോഡ് ഒഴികെ മറ്റെല്ലാ എപിസോഡുകളും യൂട്യൂബ് ചാനലിലും ഫേസ്‌ബുക്കിലും ഇൻസ്റ്റാ​ഗ്രാമിലും ഏഷ്യാനെറ്റ് പബ്ലിഷ് ചെയ്‌തിട്ടുമുണ്ട്. ഇതിനുശേഷം സംസ്ഥാന പൊലീസിനെ വിമർശിക്കുന്ന മറ്റൊരു വീഡിയോ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുകയും ചെയ്‌തു. അതിൽ പുതിയ കോപിറൈറ്റ് സാധ്യതയുള്ള സിനിമാരം​ഗങ്ങളും സം​ഗീതവുമെല്ലാം ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഇതാണ്‌ ചിലർ ചോദ്യവുമായി എത്താൻ കാരണം. മുൻപും ബിജെപിക്കെതിരെയും മോഡിക്കെതിരെയുമുള്ള വാർത്തകളും ട്രോൾ പരിപാടികളും ഏഷ്യാനെറ്റ് പിൻവലിച്ചിട്ടുണ്ട്. സം​ഗീതജ്ഞൻ ഇളയരാജയുടെ മോദി സ്‌തു‌തിയെ കളിയാക്കുന്ന "ഇനി ഞാൻ പുകഴ്‌ത്തട്ടെ' ട്രോൾ പരിപാടിയുടെ പരസ്യം നൽകിയിട്ട് ഏഷ്യാനെറ്റ് പിൻവലിച്ചിരുന്നു. ആ പരിപാടിയും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. Read on deshabhimani.com

Related News