കേരളം പിടിക്കാൻ ബിജെപി ചെലവഴിച്ചത് 29 കോടി; അഞ്ചു സംസ്ഥാനങ്ങളിലായി 252 കോടി
ന്യൂഡൽഹി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി കേരളത്തില്‍ ഔദ്യോഗികണക്ക് പ്രകാരം ചെലവിട്ടത് 29.24 കോടിരൂപ. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച കണക്കിലാണ് ഇക്കാര്യമുള്ളത്. കണക്കിൽപ്പെടാതെ ഒഴുക്കിയതും അതിന്റെ മറവിൽ നടത്തിയ കള്ളപ്പണ ഇടപാടുകൾക്കും പുറമെയാണിത്. നാല് കോടിയിൽപ്പരം രൂപ വിമാന–-ഹെലികോപ്‌ടർ യാത്രച്ചെലവ്. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി പ്രചാരണത്തിന് 7.92 കോടി. രണ്ട് പ്രീപോൾ സർവേക്കായി 27.14 ലക്ഷം ചെലവിട്ടു. പശ്‌ചിമ ബംഗാളിൽ ചെലവിട്ടത് 151.18 കോടിയും അസമിൽ 43.81 കോടിയും തമിഴ്നാട്ടിൽ 22.97 കോടിയും പുതുച്ചേരിയിൽ 4.79 കോടിയും ഔദ്യോഗികമായി ചെലവായി. സര്‍ക്കാര്‍ രേഖയില്‍ ആകെ ചെലവ് 252.02 കോടി. നാല് സംസ്ഥാനത്തും പുതുച്ചേരിയിലുമായി കോൺഗ്രസ് ചെലവിട്ടത് 84.93 കോടി. അഞ്ചിടത്തുമായി സിപിഐ എം ചെലവിട്ടത് 32.64 കോടി. തെരഞ്ഞെടുപ്പിന് കേരളത്തിലിറക്കിയ പണത്തിൽനിന്ന് നേതാക്കളുൾപ്പെടെ കോടികൾ തട്ടിയെടുത്തത് സംബന്ധിച്ച തമ്മിലടി ബിജെപിയിൽ തുടരുകയാണ്. തെരഞ്ഞെടുപ്പിന്റെ തലേന്ന് ഏപ്രിൽ നാലിന് ആർഎസ്‌എസിന്റെ മുൻ നേതാവ് ധർമരാജൻ മുഖേന എത്തിക്കാനുള്ള മൂന്നരക്കോടി രൂപയാണ് തൃശൂർ കൊടകരയിൽ കവർന്നത്. 25 ലക്ഷം രൂപ കവർന്നുവെന്ന് കാണിച്ച് ധർമരാജൻ നൽകിയ പരാതിയിലാണ് കള്ളപ്പണയിടപാട് പുറത്തായത്. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷ് മുഖേന കർണാടകത്തിൽനിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ച കള്ളപ്പണമാണിതെന്നും കണ്ടെത്തി. ഒന്നരക്കോടിയോളംരൂപ കണ്ടെടുത്തു. Read on deshabhimani.com