തൃശൂരിലെ എടിഎം കവർച്ച: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി
തൃശൂർ> ജില്ലയിൽ മൂന്നിടത്ത് നടന്ന എടിഎം കവർച്ചാ കേസിലെ പ്രതികളെ തമിഴ്‌നാട് ജയിലിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തൃശൂരിലെ കവർച്ചക്കുശേഷം തമിഴ്‌നാട്ടിൽ പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസിൽ സേലം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഹരിയാന പൽവാൽ ജില്ലക്കാരായ തെഹ്‌സിൽ ഇർഫാൻ, മുബാറക് ആദം, മുഹമദ് ഇക്രാം, സാബിർ ഖാൻ, ഷൗക്കീൻ എന്നിവരെയാണ് തൃശൂർ ഈസ്‌റ്റ് പൊലീസ് കസ്‌റ്റഡിയിൽ വാങ്ങിയത്. തൃശൂർ ഷൊർണൂർ റോഡിലെ എടിഎം കവർച്ചാ കേസിൽ പ്രതികളെ വിട്ടുകിട്ടാൻ കോടതി വഴി കസ്‌റ്റഡി അപേക്ഷ നൽകിയിരുന്നു. ടൗൺ ഈസ്‌റ്റ് എസ്‌ഐ വിപിൻ നായരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ തമിഴ്‌നാട്ടിൽ എത്തിയിരുന്നു. വെള്ളിയാഴ്‌ച രാവിലെ 9.30ന് പ്രതികളെ വിട്ടുകിട്ടി. കനത്ത സുരക്ഷയോടെയാണ് പകൽ രണ്ടരയോടെ തൃശൂരിൽ എത്തിച്ചത്. തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കി. തുടർന്ന് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു നൽകി. ശനിയാഴ്‌ച മുതൽ തെളിവെടുപ്പ് ആരംഭിക്കുമെന്ന് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. കവർച്ച ചെയ്‌ത പണം, പ്രതികളുടെ ആയുധങ്ങൾ എന്നിവ കസ്‌റ്റഡിയിലെടുക്കാനും തുടർനടപടികൾ സ്വീകരിക്കും. തൃശൂരിലെ കവർച്ചക്കുശേഷം കണ്ടെയ്‌നർ ലോറിയിൽ തമിഴ്‌നാട്ടിലേക്ക് കടന്ന സംഘം പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കണ്ടെയ്‌നർ ഡ്രൈവർ ജുമാലുദ്ദീൻ (37) കൊല്ലപ്പെട്ടിരുന്നു ഇയാളുടെ സഹായി ഹരിയാന സ്വദേശി ആസർ അലി (30)യുടെ കാൽ മുറിച്ചുമാറ്റിയിരുന്നു. Read on deshabhimani.com