വ്യാജ പ്രചരണം; പാറക്കൽ അബ്‌ദുള്ളയ്‌ക്ക് വക്കീൽ നോട്ടീസ്
കുറ്റ്യാടി > മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കുറ്റ്യാടി മുൻ എംഎൽഎയുമായ പാറക്കൽ അബ്‌ദുള്ളയ്‌ക്ക് വക്കീൽ നോട്ടീസ്. കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിലാണ് ലീഗ് നേതാവിനെതിരെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റായ ആർ എസ് റിബേഷ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് റിബേഷാണെന്ന തരത്തിൽ പാറക്കൽ അബ്‌ദുള്ള നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു. ഐയുഎംഎൽ സംസ്ഥാന സെക്രട്ടറി എന്ന വിലാസത്തിലായിരുന്നു ലീഗ് നേതാവിന്റെ നവമാധ്യമങ്ങളിലെ പോസ്റ്റ്. ‘കാഫിർ കേസ് : വ്യാജ സ്ക്രീൻ ഷോട്ട് നിർമ്മിച്ചതും പ്രചരിപ്പിച്ചതും ഇടതു വാട്‌സപ്പ് ഗ്രൂപ്പുകൾ’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ റിബേഷാണ് ‘റെഡ് എൻകൗണ്ടേഴ്‌സ്’ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് അയച്ചത് എന്ന് സൂചിച്ചിരുന്നു. ഇതിനെതിരെയാണ് റിബേഷിന് വേണ്ടി അഡ്വ. കെ എം രാംദാസ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രസ്‌തുത കാര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് റിബേഷ് എന്ന് നോട്ടീസിൽ പറയുന്നു. എന്നാൽ പ്രസ്‌തുത പോസ്റ്റർ വായിക്കുന്ന ആളുകളിൽ സമൂഹത്തിൽ മതസ്‌പർദ്ദ വളർത്തുന്ന വ്യക്തിയാണ് റിബേഷ് എന്ന തോന്നലുണ്ടാക്കുന്നു. ഈ പ്രചാരണം കേസന്വേഷണം നടത്തുന്ന ഏജൻസികളെയും പൊലീസിനെയും കേരള ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ അടിസ്ഥാനരഹിതവും വ്യാജവും നീചവുമായ പ്രചരണങ്ങളുടെ ലക്ഷ്യം റിബേഷിനെ അപകീർത്തിപ്പെടുത്തി വ്യക്തിഹത്യ നടത്തുക എന്നാണ്. അതുവഴി ഡിവൈഎഫ്‌ഐയെ സംശയദൃഷ്‌ടിയിലാക്കുക എന്നും ഈ വ്യാജ പ്രചരണം ലക്ഷ്യമിടുന്നു.- വക്കീൽ നോട്ടീസിൽ പറയുന്നു. മുൻ നിയമസഭാംഗം എന്ന നിലയിൽ സമൂഹത്തിന്റെ കാവലാളായി പ്രവർത്തിക്കുവാൻ ബാധ്യതപ്പെട്ട പാറക്കൽ അബ്ദുള്ളയെ പോലുള്ളൊരാൾ ജനങ്ങളിൽ വേർതിരിവ് സൃഷ്ടിക്കുന്ന ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് ഭൂഷണമല്ലെന്ന് മാത്രമല്ല കുറ്റകരവുമാണ്. ലീഗ് നേതാവിന്റെ വ്യാജ പ്രചരണ പോസ്റ്റ് വായിച്ച് പലരും റിബേഷിനെ സംശയത്തോടെ വീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ പാറയ്‌ക്കൽ അബ്‌ദുള്ള വക്കീൽ നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനകം നിർവ്വാജ്യം ഖേദം പ്രകടിപ്പിക്കണമെന്നും ആയതു പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിക്കണമെന്നും അല്ലാത്ത പക്ഷം ക്രിമിനലായും സിവിലായും നിയമ നടപടികൾ കൈക്കൊള്ളാൻ റിബേഷ് നിർബന്ധിതനാകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. Read on deshabhimani.com