ഓട്ടോ തൊഴിലാളിയുടെ മരണം: എസ്‌ഐയെ സസ്‌പെൻഡ്‌ ചെയ്യണം- സിപിഐ എം



കാസർകോട്‌> നഗരത്തിലെ ഓട്ടോ തൊഴിലാളിയായ അബ്ദുൾസത്താറിന്റെ ആത്മഹത്യക്ക് കാരണക്കാരനായ എസ്‌ഐ പി അനൂബിനെ സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യണമെന്ന്‌ സിപിഐ എം കാസർകോട്‌ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കുണ്ടാക്കിയെന്ന്‌ എസ്‌ഐ അവകാശപ്പെടുന്ന സമയം സംഭവസ്ഥലത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ്‌ കൃഷ്‌ണനെ സർവീസിൽനിന്ന്‌ പിരിച്ചുവിടണം. അന്നന്നത്തെ ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിച്ചുവന്ന ഡ്രൈവറെ നിസാര കാരണത്തിന്റെ പേരിൽ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട പൊലീസ്‌ ഓഫീസറുടെ നടപടി മനുഷ്യ മനസാക്ഷിക്ക്‌ നിരക്കാത്തതാണ്‌. ഇദ്ദേഹത്തെ സസ്‌പെൻഡ്‌ ചെയ്യുന്നതിനൊപ്പം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്ത്‌ വകുപ്പുതല നടപടിയെടുക്കണം. ജനകീയ പൊലീസ് നയവുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന്‌ പേരുദോഷമുണ്ടാക്കുന്ന പ്രവൃത്തിയാണ്‌ എസ്‌ഐ അനൂബിൽനിന്നുമുണ്ടായത്‌. വകുപ്പുതല നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കാതെ അടിയന്തരമായും സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യണം. ചലാൻ അടച്ച്‌ തീർക്കാവുന്ന കേസാണ്‌ എസ്‌ഐയുടെ തന്നിഷ്ടം സംരക്ഷിക്കാനായി അബ്ദുൾസത്താറിന്റെ ജീവൻ നഷ്ടപ്പെടുത്തുന്നതിലേക്ക്‌ നയിച്ചത്‌. ചെറിയ പിഴ ചുമത്തി വിടാവുന്ന കേസുകളായാലും ദിവസങ്ങളോളം വാഹനങ്ങൾ കസ്റ്റഡിയിൽ വച്ച്‌ കടുത്ത മാനസിക പീഡനത്തിന്‌ ഇരയാക്കുകയാണ്‌. അബ്ദുൾസത്താറും ഇത്തരം മാനസിക പീഡനത്തിന്റെ ഇരയാണ്‌. ഇദ്ദേഹം ജീവനൊടുക്കുന്നതിന്‌ പ്രധാന കാരണക്കാരനായ എസ്‌ഐ സർവീസിൽ തുടരുന്നത്‌ കേസ്‌ അന്വേഷണത്തെ ബാധിക്കുമെന്നിരിക്കെ അടിയന്തരമായി സസ്‌പെൻഡ്‌ ചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന്‌ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News