സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം 2 മുതല്‍ 16 വരെ
തിരുവനന്തപുരം > സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ട്രൈബല്‍ പ്ലസില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാര സമര്‍പ്പണവും 2 ന് ആറ്റിങ്ങലില്‍ നടക്കും. 2 മുതല്‍ 16 വരെയാണ് സമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം പരിപാടികള്‍ നടക്കുക. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് ആറ്റിങ്ങലില്‍വച്ച് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. “മാറുന്ന ലോകത്തിനൊപ്പം മുന്നേറാം നമുക്കൊന്നായി" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിക്കുക. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആർ അനില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജനപ്രതിനിധികള്‍ എന്നിവർ പങ്കെടുക്കും. ആദിവാസികള്‍ക്ക് 100 ദിവസം കൂടി അധിക തൊഴില്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ട്രൈബല്‍ പ്ലസ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിച്ച അഗളി ഗ്രാമപഞ്ചായത്തിന് 5 ലക്ഷം രൂപയുടെ അവാര്‍ഡും മഹാത്മ ഗോത്ര സമൃദ്ധി ട്രോഫിയും മുഖ്യമന്ത്രി നല്‍കും. 2 ഉം 3 ഉം സ്ഥാനം നേടിയ പുതൂര്‍, ആറളം ഗ്രാമപഞ്ചായത്തുള്‍ക്ക് യഥാക്രമം 3, 2 ലക്ഷം രൂപയുടെ അവാര്‍ഡും ട്രോഫികളും നല്‍കുന്നു. പട്ടികജാതി / പട്ടികവര്‍ഗ്ഗ / പിന്നാക്ക വിഭാഗ വകുപ്പുകളിലെ സ്ഥാപനങ്ങളുടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ആവാസ കേന്ദ്രങ്ങള്‍ ശുചിത്വമുള്ളതാക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവയോടെയാണ് ക്യാമ്പയിന്‍ ആരംഭിക്കുക. തുടര്‍ന്ന് ആരോഗ്യ ക്യാമ്പുകള്‍, സ്കൂളുകളില്‍ നിന്നും കോളേജില്‍ നിന്നും ഡ്രോപ്പ് ഔട്ട് ആയവരെ തിരികെ എത്തിക്കുന്നതിനുള്ള ക്യാമ്പയിന്‍, തൊഴില്‍ ലഭ്യമാക്കുന്നതിനായി പദ്ധതികളും ജോബ് ഫെസ്റ്റും, സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായുള്ള ചെറുകിട വ്യവസായ സംരംഭകത്വ ക്ലാസ്സുകളും, പ്രോജക്ട് ക്ലിനിക്കുകളും, തൊഴിലുറപ്പ് പദ്ധതി, അംബേദ്ക്കര്‍ ഗ്രാമം, കോര്‍പ്പസ്ഫണ്ട് തുടങ്ങിയവയില്‍ ഏറ്റെടുത്ത പ്രവൃത്തികളുടെ ആരംഭം, വനാവകാശം, പട്ടികജാതി / പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം സംബന്ധിച്ച ദേശീയ സെമിനാറുകള്‍, പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്കായുള്ള ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷനുകള്‍, ഗോത്ര ജീവിക പോലുള്ള പദ്ധതികള്‍, തൊഴില്‍ പരിശീലന പദ്ധതികളുടെ ആരംഭം വിവിധ ഇന്‍ന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍, പട്ടികജാതി /പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, പരിവര്‍ത്തിത വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വായ്പാ വിതരണത്തിനും, മാര്‍ക്കറ്റിംഗിനുമുള്ള പരിപാടികളും വണ്‍ ടൈം സെറ്റില്‍മെന്റ്, വായ്പാ പുനക്രമീകരണം എന്നിവയും ഈ കാലയളവില്‍ സംഘടിപ്പിക്കും. പക്ഷാചരണ പരിപാടിയുടെ സമാപനം 15 ന് വയനാട് മാനന്തവാടിയിൽ നടക്കും. സമാപന സമ്മേളനം മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും. Read on deshabhimani.com