അഴീക്കോടൻദിനം ആചരിക്കുക



തിരുവനന്തപുരം അഴീക്കോടൻ രാഘവന്റെ 52-ാം രക്തസാക്ഷിത്വ ദിനം തിങ്കളാഴ്ച ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആഹ്വാനംചെയ്തു. പതാക ഉയർത്തിയും പാർടി ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ സമ്മേളനം ചേർന്നും മുഴുവൻ പാർടി ഘടകങ്ങളും ദിനാചരണം സംഘടിപ്പിക്കണം. 1972 സെപ്‌തംബർ 23നാണ് കോൺഗ്രസ് പിന്തുണയോടെ തീവ്രവാദ പൊയ്‌മുഖമണിഞ്ഞ ഒരുസംഘം അദ്ദേഹത്തെ അരുംകൊല ചെയ്തത്. കമ്യൂണിസ്റ്റ് പാർടിയും വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാനും നയിക്കാനും സുപ്രധാന പങ്കാണ് അഴീക്കോടൻ രാഘവൻ വഹിച്ചത്‌. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായും ഇടതുമുന്നണി കൺവീനറായും  പ്രവർത്തിച്ചു. പാർടിയിൽ ഉയർന്നുവന്ന ഇടതുതീവ്രവാദ നിലപാടുകൾക്കും വലതു പരിഷ്കരണവാദത്തിനും എതിരെ പൊരുതി. ശരിയായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് പ്രസ്ഥാനത്തെ നയിച്ചു. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ ഇല്ലാതാക്കി ഹിന്ദുത്വരാഷ്‌ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ സംഘപരിവാർ നിയന്ത്രിത മോദി സർക്കാർ. ഒറ്റത്തെരഞ്ഞെടുപ്പിലൂടെ ഏകാധിപത്യം കൊണ്ടുവരാനുള്ള നടപടികളിലാണിപ്പോൾ. ജനതയെ വർഗീയമായി വേർതിരിച്ചും തമ്മിലടിപ്പിച്ചും സംസ്ഥാനങ്ങളെ സംഘർഷഭരിതമാക്കിയും നേട്ടം കൊയ്യാനാണ്‌ ശ്രമം. വഴങ്ങാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു. ജനക്ഷേമഭരണം നടത്തുന്ന എൽഡിഎഫ്‌ സർക്കാരിനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ്‌ കേന്ദ്രം. വലിയ ദുരന്തം നേരിട്ടിട്ടും  സഹായിക്കുന്നില്ല. ദുരിതാശ്വാസ സഹായം പോലും മുടക്കാനുള്ള ശ്രമമാണ്‌ യുഡിഎഫിന്റേതും ബിജെപിയുടേതും. കള്ളവാർത്തകൾ ചമച്ച്‌ അവർക്ക്‌ പിന്തുണ നൽകുകയാണ്‌ വലതുപക്ഷ മാധ്യമങ്ങൾ. ജനവിരുദ്ധമാണ്‌ ഇവരുടെ പ്രവർത്തനമെന്ന്‌  കേരളം തിരിച്ചറിയുന്നുണ്ടെന്നും- സെക്രട്ടറിയറ്റ്‌ പ്രസ്താവിച്ചു. Read on deshabhimani.com

Related News