അഴീക്കോടൻ സിപിഐ എമ്മിന്റെ ജീവനാഡിയായി പ്രവർത്തിച്ച നേതാവ്: മുഖ്യമന്ത്രി



തൃശൂർ > കേരളത്തിലെ സിപിഐ എമ്മിന്റെ ജീവനാഡിയായി പ്രവർത്തിച്ച നേതാവായിരുന്നു അഴീക്കോടൻ രാഘവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സിപിഐ എം കെട്ടിപ്പടുക്കുന്നതിൽ അന്നത്തെ പാർടി സെക്രട്ടറിയായിരുന്ന സി എച്ച് കണാരനും  ഇടതു മുന്നണിയുടെ കൺവീനറായിരുന്ന അഴീക്കോടനും അഹോരാത്രം പ്രയത്നിച്ചു. അഴീക്കോടൻ സിപിഐ എമ്മിന്റെ സമുന്നതനായ നേതാവായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴീക്കോടൻ അനുസ്മരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കോടൻ  സ്ഥിരമായി നിരവധി സ്ഥലങ്ങളിൽ സഞ്ചരിക്കുന്നയാളായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ  അത് മുൻകൂട്ടി മനസിലാക്കിയാണ് അഴീക്കോടനെ വകവരുത്താൻ പദ്ധതിയിട്ടത്. കേരളത്തിൽ ഒരു രാഷ്ട്രീയ പാർടിക്കും ഇത്തരത്തിൽ ഒരു നേതാവിനെ നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. സംസ്ഥാന തലത്തിലെ ഏറ്റവും ഉന്നതനായ ഒരു നേതാവിനെയാണ് പാർടിക്ക് നഷ്ടമായത്. ശത്രുപക്ഷത്തുള്ളയാളോടും ശാന്തനായും സൗമ്യനായും പെരുമാറുന്ന നേതാവായിരുന്നു അഴീക്കോടനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വലതുപക്ഷ മാധ്യമങ്ങൾ ആദ്യകാലങ്ങളിൽ അഴീക്കോടനെതിരെ അതിക്രൂര ആരോപണങ്ങൾ അഴിച്ചുവിട്ടു. അഴിമതിക്കോടൻ എന്ന് ചിത്രീകരിച്ചു. കണ്ണൂരെ ഒരു ബസ് കമ്പനി അഴീക്കോടന്റെ ആയിരുന്നുവെന്നായിരുന്നു ഒരു പ്രചരണം. പക്ഷെ അതൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷമാണ് ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് കേരള ജനത മനസിലാക്കിയത്. അഴീക്കോടനുൾപ്പെടെ നിരവധി സമുന്നതരായ നേതാക്കളെ പാർടിക്ക് നഷ്ടമായി. ചില വലതുപക്ഷ മാധ്യമങ്ങൾ കുപ്രചരണങ്ങൾ നടത്തുന്നത് ഇന്നും തുടരുന്നുണ്ട്. വ്യാജവാർത്തകൾ പ്രരിപ്പിച്ചത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് മുന്നോട്ടുവന്നതിൽ സന്തോഷം. നാടിന്റെ നല്ലതിന് വേണ്ടി പ്രയത്നിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News