ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം ബൈജു ചന്ദ്രന്
തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ബൈജു ചന്ദ്രന്. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണിത്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപ്പവുമാണ് പുരസ്‌കാരം. 2022ലെ അവാർഡാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സംവിധായകൻ കമൽ ചെയർമാനും ഡോക്യുമെന്ററി സംവിധായിക ഷൈനി ജേക്കബ് ബെഞ്ചമിൻ, ഡോ.ടി കെ സന്തോഷ് കുമാർ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 1985 മുതൽ നാലു പതിറ്റാണ്ടുകാലമായി വിദ്യാഭ്യാസം, വിജ്ഞാനം, വിനോദം എന്നിവയുടെ വിനിമയത്തിനായി ടെലിവിഷൻ മാധ്യമത്തെ സർഗാത്മകമായി വിനിയോഗിച്ച വ്യക്തിയാണ് ബൈജു ചന്ദ്രനെന്ന് ജൂറി അഭിപ്രായപ്പെട്ടു. മലയാള ടെലിവിഷനിലെ ആദ്യ വാർത്താബുള്ളറ്റിന്റെ പ്രൊഡ്യൂസർ ആണ് ബൈജു ചന്ദ്രൻ. പ്രോഗ്രാം പ്രൊഡ്യൂസർ ആയി 1984 ജൂൺ 15ന് മദ്രാസ് ദൂരദർശനിൽ ചേർന്നു. 1985 ജനുവരി രണ്ടിനാണ് മലയാള ദൂരദർശൻ ആദ്യവാർത്ത സംപ്രേഷണം ചെയ്തത്. ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടറായി 2021 ഏപ്രിലിൽ വിരമിച്ചു. Read on deshabhimani.com