ലോക്ക്‌ഡൗൺ കാലത്ത്‌ രണ്ടായിരത്തിലധികം പേർ ഒരുമിച്ച "ഓൺലൈൻ ബലൂൺ ആർട്ട് എക്‌സിബിഷൻ'



‌ലോക്ക്‌ഡൗൺ കാലത്ത് എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും അനുസരിച്ചു കൊണ്ട് രണ്ടായിരത്തിലധികം പേർ ഒരുമിച്ച ഒരു എക്‌സിബിഷൻ..! അതാണ് ബലൂൺ ആർട്ടിസ്റ്റ് ഷിജിന പ്രീത്ത് സംഘടിപ്പിച്ച ഓൺലൈൻ ബലൂൺ ആർട്ട് എക്‌സിബിഷൻ. " Keep Distance - Stay Connected " എന്ന സന്ദേശം മുന്നോട്ടുവച്ചു കൊണ്ട് ഫേസ്ബുക്ക് പേജിലൂടെ ലൈവായി ആരംഭിച്ച പ്രദർശനത്തിൽ കാണികളെക്കൂടാതെ നേരിട്ട് പങ്കെടുത്തത് 22 ഓളം കുട്ടികളും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുമാണ്. ഒരു യഥാർത്ഥ ഉദ്ഘാടന ചടങ്ങിന്റെ എല്ലാ ചിട്ടവട്ടങ്ങളോടും കൂടി ആരംഭിച്ച പരിപാടിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആണ് ഉദ്ഘാടനം ചെയ്യാനെത്തിയത്. പിന്നീട്  ഐഡിപി  പി വിജയൻ (ഐപിഎസ്), എപിജെ അബ്‌ദുൾ കലാം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഷാഹുൽ ഹമീദ്, കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി കെ സുജിത്, എകെഎസ്‌ടിയു സംസ്ഥാന സെക്രട്ടറി കെ ബുഹാരി എന്നിവർ ആശംസകളറിയിച്ചു. ഒപ്പം ' ഉപ്പുമുളകും ' എന്ന പരമ്പരയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ശിവാനിയും എത്തിയതോടെ കുട്ടികൾ ആവേശത്തിലായി. ഔദ്യോഗിക ചടങ്ങുകൾക്കു ശേഷം കുട്ടികളുടെ ബലൂൺ ആർട്ട് പ്രദർശനം ആരംഭിച്ചു. കഴിഞ്ഞ ലോക്ക് ഡൗൺ അവധിക്കാലത്ത് ഷിജിന പ്രീത്തിന്റെ  ഓൺലൈൻ ബലൂൺ ആർട്ട് കോഴ്‌സിലൂടെ ബലൂൺ ആർട്ട് പരിശീലിച്ച 30 ഓളം കുട്ടികളിൽ നിന്നുള്ള 22 പേരാണ് എക്‌സിബിഷനിൽ അണിനിരന്നത്.  കടകളൊക്കെ അടഞ്ഞുകിടന്ന സമയത്ത് സംഘടിപ്പിക്കാവുന്ന പരിമിതമായ ബലൂണുകൾ മാത്രം ഉപയോഗിച്ചാണ് കുട്ടികൾക്കായി ബേസിക്, അഡ്വാൻസ്‌ഡ് എന്നിങ്ങനെ രണ്ട് തരം കോഴ്‌സുകൾ തയ്യാറാക്കിയത് . ഇവയിൽ പങ്കെടുത്തതാവട്ടെ, വിവിധ ജില്ലകളിൽ നിന്നുള്ള, വിവിധ പ്രായക്കാരായ കുട്ടികളായിരുന്നു. കൂടാതെ, ബാംഗ്ലൂരിൽ നിന്നും ഖത്തറിൽ നിന്നുമടക്കം കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഈ അവധിക്കാലം ആക്‌ടീവായി ഇരിക്കാനും ക്രിയേറ്റീവായി ചെലവഴിക്കാനും ബലൂൺ ക്ലാസുകൾ സഹായിച്ചെന്നുള്ള കുട്ടികളുടേയും രക്ഷിതാക്കളുടേയും വെളിപ്പെടുത്തലാണ് തങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്ന് ഷിജിനപ്രീത്ത് പറഞ്ഞു. കുട്ടികളുടെ  മൊബൈൽ അഡിക്ഷനും മറ്റു വികൃതികളും സാരമായി കുറയ്ക്കാൻ ലോക്ക് ഡൗൺ കാലത്തെ ക്ലാസുകൾ സഹായിച്ചുവെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. ഈ ക്ലാസുകൾക്കൊടുവിലാണ് കുട്ടികളുടെ കലാവൈവിധ്യം പ്രദർശിപ്പിക്കാൻ ഒരു വേദി എന്ന നിലയിൽ ഫേസ് ബുക്ക് പേജിൽ ലൈവായി പ്രദർശനം ഒരുക്കിയത്. ഓരോരുത്തരും അവരവരുടെ വീടുകളിൽ ഒരുക്കിയ കൊച്ചു പ്രദർശനങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയും അവ യോജിപ്പിച്ചു കൊണ്ട് തുടർച്ചയായ ഒരു പ്രദർശനമായി കാണികളുടെ മുന്നിൽ എത്തിക്കുകയുമായിരുന്നു. കോവിഡ് 19 ഭീക്ഷണിയിൽ ലോകം മുഴുവൻ സ്‌തംഭിച്ചു നിൽക്കുന്ന ഈ സമയത്ത് കുട്ടികളെ ബലൂൺ ആർട്ടിലൂടെ പ്രചോദിപ്പിക്കാനും, ഓൺലൈൻ വഴി തികച്ചും സുരക്ഷിതമായി അവരുടെ ക്രിയേറ്റിവിറ്റി പ്രർശിപ്പിക്കാനുള്ള അവസരമൊരുക്കാനും സാധിച്ചു എന്നതാണ് ഈ പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. കുട്ടികളുടെ ബലൂൺ ആർട്ട് പ്രദർശനത്തിനു ശേഷം 7 വയസ്സുകാരി ജ്വാല പ്രീത്തിന്റെ ബലൂൺ ആർട്ട് ഷോയോടു കൂടിയാണ് Live പരിപാടി അവസാനിച്ചത്. ഷിജിന പ്രീത്തിന്റെ മകളായ ഈ കൊച്ചു മിടുക്കി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബലൂൺ ആർട്ടിസ്റ്റ് എന്ന നിലയിൽ ഇന്ത്യാബുക്ക് ഓഫ് റെക്കോഡിന്  ഉടമ കൂടിയാണ് . "മിസ്റ്റർ ആൻഡ് മിസ്സിസ്സ് അഴീക്കോട് " എന്ന പേരിൽ മെന്റലിസവും, ബലൂൺ ആർട്ടും, മാജികും കോർത്തിണക്കിക്കൊണ്ട് സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു വരുന്ന ഈ കുടുംബം കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് പുതിയ മേഖലകൾ കണ്ടെത്തി വിജയം നേടുന്നതിൽ കലാലോകത്തിന് മാതൃകയാവുകയാണ്.   Read on deshabhimani.com

Related News