ബാങ്ക് പ്രസിഡന്റ് കെപിസിസി ജനറൽ സെക്രട്ടറി ഭിന്നശേഷിക്കാരനെ പുറത്താക്കി സഹ. ബാങ്കിന്റെ ജപ്‌തി
ആലുവ ഭിന്നശേഷിക്കാരൻ ഉൾപ്പെട്ട പട്ടികവർഗ കുടുംബത്തെ പുറത്താക്കി കെപിസിസി ജനറൽ സെക്രട്ടറി ബി എ അബ്ദുൾ മുത്തലബ് പ്രസിഡന്റായ ആലുവ അർബൻ സഹകരണ ബാങ്കിന്റെ ജപ്തിനടപടി. ആലുവ ചാലക്കൽ എംഎൽഎ പടിയിൽ താമസിക്കുന്ന കുഴിക്കാട്ടുമാലി കെ കെ വൈരമണിയുടെ അഞ്ച് സെന്റും വീടുമാണ് ജപ്തി ചെയ്തത്. വായ്പ തിരിച്ചടവിന് മൂന്നുവർഷംകൂടി ശേഷിക്കെയാണ് അഞ്ചംഗ കുടുംബത്തെ ബാങ്ക് തെരുവിലിറക്കിയത്. ബുധൻ പകൽ 2.30നാണ് അർബൻ ബാങ്ക് അധികൃതർ ആലുവ ഈസ്റ്റ് പൊലീസിനെയും കൂട്ടി ജപ്തിക്ക് എത്തിയത്. വൈരമണിയും ഭാര്യ വത്സലയും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തെ നിർബന്ധപൂർവം വീടിനുപുറത്താക്കി വാതിൽപൂട്ടി സീൽ ചെയ്തു. വൈരമണിയുടെ മൂത്തമകൻ 80 ശതമാനം ഭിന്നശേഷിക്കാരനാണ്. വീടിനുപുറത്തായ കുടുംബം മറ്റെങ്ങും പോകാനില്ലാത്ത അവസ്ഥയിലായി. ബാങ്കിന്റെ നടപടിയിൽ പ്രതിഷേധം ശക്തമായതിനു പിന്നാലെ സഹകരണമന്ത്രി വി എൻ വാസവൻ വിഷയത്തിൽ ഇടപെട്ടു. ഇതോടെ വൈകിട്ട് ബാങ്ക് അധികൃതരെത്തി വീട് തുറന്നുകൊടുത്തു.2017ൽ വസ്‌തു പണയപ്പെടുത്തി 9,99,600 രൂപയാണ് വൈരമണി വായ്പയെടുത്തത്. ഇതിനകം 9 ലക്ഷം തിരിച്ചടച്ചു. 13 ലക്ഷംകൂടി തിരിച്ചടയ്ക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടെന്ന് വൈരമണി പറഞ്ഞു. അമ്മയ്ക്ക് സർക്കാർ നൽകിയ സ്ഥലമാണിത്. ആലുവ റെയിൽവേ സ്റ്റേഷനുസമീപം തുണിക്കട നടത്തുകയാണ് വൈരമണി. കോവിഡ് പ്രതിസന്ധിമൂലമാണ് വായ്പ തിരിച്ചടവ് ഇടയ്‌ക്ക് മുടങ്ങിയത്. തിരിച്ചടവിന് മൂന്നുവർഷംകൂടി ശേഷിക്കുന്നുണ്ടെന്നും വൈരമണി പറഞ്ഞു. കുടിശ്ശിക വർധിച്ചതിനാൽ മുമ്പ് രണ്ടുതവണ ജപ്തി നടത്തിയതായും കോടതി ഉത്തരവനുസരിച്ചാണ് ഇപ്പോഴത്തെ ജപ്തിയെന്നും ബാങ്ക് അധികൃതർ പറയുന്നു. Read on deshabhimani.com