വൈദ്യുതി ഉൽപ്പാദനത്തിൽ റെക്കോഡിട്ട്‌ ബാരാപോൾ

വൈദ്യുതി ഉൽപ്പാദനത്തിനുശേഷം ബാരാപോൾ പദ്ധതിയിൽനിന്ന്‌ വെള്ളം പുഴയിലേക്ക്‌ ഒഴുക്കുന്നു


ഇരിട്ടി (കണ്ണൂർ) ഊർജോൽപ്പാദനത്തിൽ റെക്കോഡിട്ട്‌ ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതി. കണ്ണൂർ ജില്ലയിലെ ഏക വൈദ്യുതി ഉൽപ്പാദനകേന്ദ്രമായ ബാരാപോളിൽ പ്രതിവർഷ ഉൽപ്പാദന ലക്ഷ്യമായ 360 ലക്ഷം യൂണിറ്റ്‌ ഇത്തവണ കൈവരിച്ചത്‌ ഏഴു മാസം ബാക്കിനിൽക്കെയാണ്‌. 2016 ഫെബ്രുവരി 29ന്‌ ഉദ്‌ഘാടനംചെയ്ത പദ്ധതി മൂന്നു വർഷംകൊണ്ട്‌ സ്ഥാപിതശേഷിയിൽ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചു. 2021 –- 22 കാലത്ത്‌ 498.3 ലക്ഷം യൂണിറ്റ്‌ ഉൽപ്പാദിപ്പിച്ച്‌ ചരിത്രംകുറിച്ചു. 500 ലക്ഷം യൂണിറ്റ്‌ ഉൽപ്പാദനമാണ്‌ ഇനി ലക്ഷ്യം.  ജൂൺ –- മെയ്‌ ആണ്‌ കെഎസ്‌ഇബിയുടെ വൈദ്യുതി ഉൽപ്പാദന കലണ്ടർ കാലം.  15 മെഗാവാട്ട്‌ സ്ഥാപിതശേഷിയുള്ള നിലയത്തിൽ അഞ്ച്‌ മെഗാവാട്ട് ശേഷിയുള്ള മൂന്ന്‌ ജനറേറ്ററാണുള്ളത്‌. 11 കിലോവാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 33 കെവിയാക്കി രണ്ട്‌ ഭൂഗർഭ കേബിളുകൾവഴി കുന്നോത്ത്‌ 110 കെവി സബ്സ്റ്റേഷനിലെത്തിച്ചാണ്‌ പ്രസരണം. അണക്കെട്ടും തടയണയുമില്ലാതെ ട്രഞ്ച് വിയർ സംവിധാനത്തിലാണ് ഊർജോൽപ്പാദനം. ദക്ഷിണേന്ത്യയിൽ ആദ്യത്തേതും രാജ്യത്തെ നീളംകൂടിയവയിലൊന്നുമാണ്‌ ബാരാപോളിലെ ട്രഞ്ച് വിയർ. ഉദ്‌ഘാടനശേഷം ഇതുവരെയായി 2745.4 ലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാന പവർഗ്രിഡിലെത്തിച്ചതും ഒരു മെഗാവാട്ടിന്റെ കനാൽ സൗരോർജ പദ്ധതിയും മൂന്ന്‌ മെഗാവാട്ടിന്റെ കനാൽ മേൽപ്പുര സൗരോർജ പദ്ധതിയും ബാരാപോളിന്റെ സവിശേഷതയാണ്‌. Read on deshabhimani.com

Related News