കെെക്കുടന്ന നിറയെ ‘തൂവൽസ്പർശം’ ; തൂവലുകൾ തേടുകയാണ്‌ വാച്ചർ കുട്ടപ്പൻ

കുട്ടപ്പൻ ചില്ലിട്ട് പ്രത്യേകം തയ്യാറാക്കിയ ഫ്രെയിമിനുള്ളിൽ സൂക്ഷിച്ച തൂവലുകൾ


കുമളി നീലത്തത്തയും കാടുമുഴക്കിയും ചെമ്പോത്തുമെല്ലാം പറന്നുനടക്കുന്ന തേക്കടിയിൽ അവ പൊഴിക്കുന്ന തൂവലുകൾ തേടുകയാണ്‌ വാച്ചർ കുട്ടപ്പൻ ഒഴിവുസമയങ്ങളിൽ. രണ്ടായിരത്തിൽ തേക്കടിയിലെ എക്കോ ടൂറിസം ഗൈഡ് ആയി എത്തിയതുമുതൽ ശേഖരിച്ച അപൂർവയിനത്തിൽപെട്ട 50ലേറെ പക്ഷികളുടെ തൂവലുകൾ ഇദ്ദേഹം ചില്ലിട്ട് പ്രത്യേകം തയാറാക്കിയ ഫ്രെയിമിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നു. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ 320ൽപരം ഇനം പക്ഷികളാണുള്ളത്. വനത്തിനുള്ളിൽനിന്ന് 2005ൽ ലഭിച്ച മലമുഴക്കി വേഴാമ്പലിന്റെ തൂവലാണ് വ്യത്യസ്‌തമായ തൂവൽശേഖരണത്തിന്  പ്രചോദനമായത്. അപൂർവമായ മീൻകൂമന്റെ തൂവലുമുണ്ട്. ഓരോ തൂവലുകളോടൊപ്പവും പക്ഷികളുടെ പേരും തൂവൽ ലഭിച്ച സ്ഥലവും രേഖപ്പെടുത്തിയിട്ടുണ്ട്. നീലത്തത്ത(ബ്ലൂവിങ് പാരക്വീറ്റ്), കാടുമുഴക്കി (റാക്കറ്റ് ടെയ്ൽ ട്രോകോ), ബ്രൗൺ ഷൈക്ക്, ചാരമുണ്ടി (ഗ്രേഹേറോൺ), കാട്ടുകോഴി(ജംഗിൾ ഫോൾ), കാട്ടോലേഞ്ഞാലി(വൈറ്റ് ബെല്ലീഡ് ട്രീപ്പി), ചിന്നമുണ്ടി(പോണ്ട് ഹേറോൺ), മലമുഴക്കി വേഴാമ്പൽ(ഗ്രേറ്റ് ഹോൺബിൽ), ചെറിയ ചെമ്പോത്ത്(ലേസർ ക്യൂകാൾ), കാട്ടുകോഴി(പെൺ, ആൺ), ചെമ്പൻ മരംകൊത്തി(റൂഫസ് വുഡ്‌പെക്കർ), നീലമേനി(ഫെയ്റി ബ്ലൂബേഡ്), നീർക്കാക്ക(കോർ മാണ്ട്), കന്യാസ്ത്രീകൊക്ക് -കരിവാരക്കുരു (വൈറ്റ്നെക്ക്‌ഡ് ‌സ്റ്റോർക്ക്), കാട്ട്പ്രാവ് (മൗണ്ടൻ ഇംപീരിയൽ പീജൻ), മീൻകൂമൻ (ബ്രൗൺ ഫിഷ് ഔൾ), കാട്ട്മൂങ്ങ (സ്പോട്ട് ബില്ലിംങ് ഈഗിൾ ഔൾ) എന്നിവയുൾപ്പെടെയുള്ള കുട്ടപ്പന്റെ പക്ഷിത്തൂവൽ ശേഖരം ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ കൗതുകമായി തുടങ്ങിയ തൂവൽശേഖരണം പിന്നീട് ഹോബിയായി. പത്തുവർഷം മുമ്പ് വനം വകുപ്പ് വാച്ചറായി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിയമനം ലഭിച്ചതോടെ കാട്ടിലേക്കുള്ള യാത്രകൾ അപൂർവമായി. ഏറെ ശ്രമകരമെങ്കിലും കൂടുതൽ പക്ഷികളുടെ തൂവലുകൾ ശേഖരിക്കുക എന്നതാണ് കുട്ടപ്പന്റെ സ്വപ്നം. പെരിയാർ കടുവാ സങ്കേതത്തിലെ ട്രൈബൽ ട്രെക്കേഴ്‌സ് എക്കോ ഡെവലപ്മെന്റ് കമ്മിറ്റിയിലെ അംഗമായിരുന്ന വേളയിലായിരുന്നു കുട്ടപ്പൻ ഏറ്റവും അധികം തൂവലുകൾ ശേഖരിച്ചത്. വനത്തിനുള്ളിൽ വിദേശികളുമായി പോയി വനസൗന്ദര്യവും വന്യജീവികളേയും കാട്ടുന്നതിന് രൂപീകരിച്ച ആദിവാസി യുവാക്കളുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ടിടിഇഡിസി.   Read on deshabhimani.com

Related News