വിരണ്ടോടി, പിന്നെ തളർന്നുവീണു, ഇനി പേപ്പാറത്തണുപ്പിൽ
മംഗലപുരം > തിരുവനന്തപുരം മംഗലപുരത്ത് ഭീതി പരത്തിയ കാട്ടുപോത്തിനെ പിടികൂടി. മയക്കുവെടി വച്ചാണ് കാട്ടുപോത്തിനെ പിടികൂടിയത്. മയക്കുവെടി കൊണ്ട ശേഷം പോത്ത് വിരണ്ടോടുകയും തുടർന്ന് മയങ്ങി വീഴുകയുമായിരുന്നു. പിരപ്പൻകോട് തെന്നൂർ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണ കാട്ടുപോത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കും. തുടർന്ന് ഇതിനെ വാഹനത്തിലാക്കി വനത്തിലേക്ക് കയറ്റിവിടും. പേപ്പാറയിലേക്ക് മാറ്റാനാണ് സാധ്യത. ഐടി നഗരമായ കഴക്കൂട്ടത്തിനും ടെക്‌നോസിറ്റിയായ മംഗലപുരത്തിനും അടുത്തുള്ള തലയ്‌ക്കോണം എന്ന ജനവാസ മേഖലിലാണ് ചൊവ്വാഴ്‌ച രാത്രി കാട്ടുപോത്തിനെ ആദ്യമായി കണ്ടത്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന യുവാക്കൾ രാത്രി 7.30 ഓടെ വാടകവീട്ടിൽ വിശ്രമിക്കുമ്പോൾ തൊട്ടടുത്തുള്ള തെങ്ങിൻതോപ്പിൽ പോത്തിനെ കാണുകയായുരുന്നു. മംഗലപുരം പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെത്തുടർന്ന് രാത്രി 11 ഓടെ തിരുവനന്തപുരം ഡിഎഫ്‌ഒ ഓഫീസിൽനിന്നുള്ള സംഘമെത്തി പരിശോധന നടത്തി. കുളമ്പിന്റെ പാടും ചാണകവും കണ്ട് കാട്ടുപോത്തുതന്നെയെന്ന് ഉറപ്പിച്ചു. തുടർന്ന് ബുധനാഴ്‌ച രാവിലെ മുതൽ അഞ്ചൽ, കുളത്തൂപുഴ, പാലോട്, പരുത്തിപള്ളി റേഞ്ചുകളിൽനിന്ന് അൻപതിലധികം വനപാലകരും റാപിഡ് റെസ്‌പോൺസ് ടീമും (ആർആർടി) സ്ഥലത്തെത്തി പരിശോധന നടത്തി. ഒരുതവണ പോത്തിനെ കണ്ടെത്തിയെങ്കിലും അത് ഓടിമറഞ്ഞു. കാട്ടുപോത്തിനെ തുരത്തിവിടാൻ സമീപത്ത് കാടില്ലാത്തതിനാൽ മയക്കുവെടിവച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ബുധനാഴ്‌ച രാത്രിയോടെ പോത്ത് കുറ്റിക്കാട്ടിലേക്ക് മറയുകയായിരുന്നു. രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ച സംഘം ജനങ്ങളുടെ സുരക്ഷയ്‌ക്കുവേണ്ടി പ്രദേശത്ത് തമ്പടിക്കുകയും ചെയ്തു. പിന്നാലെ വ്യാഴാഴ്‌ച രാവിലെ തിരച്ചിൽ ആരംഭിക്കുകയും മയക്കുവെടി വച്ച് പിടികൂടുകയും ചെയ്യുകയായിരുന്നു. ഡിഎഫ്ഒ അനിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് കാട്ടുപോത്തിനെ പിടികൂടിയത്. 40 കിലോമീറ്ററോളം ദൂരെയുള്ള പാലോട് വനമേഖലയിൽനിന്നാകാം പോത്ത് എത്തിയത് എന്നാണ് സംശയം. Read on deshabhimani.com