വെള്ളറടയിൽ ബിജെപി പ്രവർത്തകൻ 
ഭിന്നശേഷിക്കാരനെ 
ബോംബെറിഞ്ഞു

credit: bjpkeralamfb


വെള്ളറട > ബിജെപി പ്രവർത്തകൻ ഭിന്നശേഷിക്കാരനായ അയൽവാസിയെ പെട്രോൾ ബോംബെറിഞ്ഞ്‌ ഗുരുതര പരിക്കേൽപ്പിച്ചു. അരുവിയോട് പള്ളിവിള ചരിവുവിളയിൽ ഇരുകാലിനും സ്വാധീനമില്ലാത്ത വർഗീസാ (50)ണ് ബോംബേറിൽ അത്യാസന്നനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. സംഭവത്തിൽ സെബാസ്റ്റ്യ (52)നെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. ബുധനാഴ്‌ച രാവിലെ എട്ടോടെയായിരുന്നു സംഭവം.   വീടിനോട് ചേർന്ന ഷെഡിൽ ശവപ്പെട്ടി നിർമിച്ചുവിറ്റ് ജീവിക്കുകയായിരുന്നു വർഗീസും കുടുംബവും. റോഡിന് എതിർവശത്ത്‌ താമസിക്കുന്ന സെബാസ്റ്റ്യൻ ശവപ്പെട്ടിക്കടയുടെ പേരിൽ നിരന്തരം വർഗീസുമായി  വഴക്കുണ്ടാക്കുമായിരുന്നു. ശവപ്പെട്ടി നിർമാണസ്ഥലത്തുനിന്നുള്ള പൊടിപടലം തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോഗ്യവകുപ്പിലും പഞ്ചായത്തിലും ഇയാൾ പരാതി നൽകി. ഇതിനെത്തുടർന്ന്‌ വർഗീസ്‌  നിർമാണസ്ഥലത്തിനു ചുറ്റും കർട്ടൻ ഉപയോഗിച്ച് പൊടി പുറത്തേക്ക്‌ പോകാതെ സുരക്ഷാ ക്രമീകരണവുമൊരുക്കി. എന്നാൽ, ശവപ്പെട്ടിക്കട  മാറ്റിസ്ഥാപിക്കണമെന്ന വാശിയിലായി സെബാസ്റ്റ്യൻ. ഇതിന്റെ പേരിൽ തർക്കം വീണ്ടും തുടർന്നു.   ബുധനാഴ്‌ച രാവിലെ വർഗീസിന്റെ  തൊഴിലിടത്തുനിന്ന് സ്‌ഫോടനശബ്ദവും തീയും പുകയും ഉയരുന്നതുകണ്ട്‌  നാട്ടുകാർ വർഗീസിനെ പുറത്തെടുത്ത്‌ ആശുപത്രിയിൽ എത്തിച്ചു. ഒന്നിലധികം പെട്രോൾ ബോംബ് വർഗീസിനു നേരെ സെബാസ്റ്റ്യൻ എറിഞ്ഞിരുന്നു. ഫയർ ഫോഴ്സിനെ വിളിച്ചുവരുത്തിയാണ് നാട്ടുകാർ തീയണച്ചത്. നാട്ടുകാരെ കണ്ട് വാതിൽ പൂട്ടി വീടിനുള്ളിലിരുന്ന സെബാസ്റ്റ്യനെ പൊലീസിനെ വിളിച്ചുവരുത്തി കൈമാറി. ബിജെപിയുടെ പ്രാദേശിക പ്രവർത്തകനായ സെബാസ്റ്റ്യൻ  ദേശീയ നിർവാഹക സമിതി അംഗത്തിൽനിന്നാണ്‌ ഏതാനും മാസംമുമ്പ് ആഘോഷപൂർവം അംഗത്വം കൈപ്പറ്റിയത്‌. Read on deshabhimani.com

Related News