ആരോഗ്യ ഇൻഷുറൻസ് കാർഡിന് ബിജെപിയുടെ ‘വ്യാജ പുതുക്കൽ’
ആറ്റിങ്ങൽ > ബി ജെ പി യുടെ നേതൃത്വത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു എന്ന പേരിൽ വ്യാപക നുണ പ്രചരണവും പണ പിരിവും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ബി ജെ പി അംഗങ്ങളുടെ വാർഡുകൾ കേന്ദ്രീകരിച്ചാണ് ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ എന്ന നുണപ്രചരണം നടത്തികൊണ്ട് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒരു കുടുംബത്തിനാകെ അഞ്ച് ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുതുക്കലിനായി യാതൊരു അറിയിപ്പും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയിട്ടില്ല. സത്യം ഇതായിരിക്കെ കൂടുതൽ ആളുകളെ ക്യാമ്പിൽ എത്തിക്കുന്നതിനായാണ് കാർഡ് പുതുക്കുന്നതായും , കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും അഞ്ച് ലക്ഷം രൂപ ലഭ്യമാകും എന്ന തരത്തിലുമുള്ള അറിയിപ്പ് വാർഡംഗങ്ങൾ നൽകിയിരുന്നത്. വാർഡംഗങ്ങളുടെ ഇത്തരം വ്യാജ പ്രചരണത്തിൽ വിശ്വസിച്ച് വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ച ശേഷം കുടുംബങ്ങളിൽ ആളൊന്നിന് അൻപത് രൂപ ഈടാക്കിയ ശേഷം ആധാർ കാർഡ്, മൊബൈൽ നമ്പർ , ഫോട്ടോ അടക്കമുള്ള സുപ്രധാന വിവരങ്ങൾ ആണ് ഇവർ കൈക്കലാക്കുന്നത്. എന്നിട്ട് നൽകുന്നത് ആരോഗ്യ ഇൻഷുറൻസ് കാർഡിൽ ഉൾപ്പെട്ട കുടുംബത്തിലെ ഓരോ അംഗങ്ങൾക്കായി സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന സ്ലിപ്പ് ആണ്. ഇത്തരം തട്ടിപ്പിലൂടെ ശരാശരി ആയിരം പേരുള്ള ഒരു വാർഡിൽ ക്യാമ്പ് നടത്തിപ്പിൽ നിന്നും 50,000രൂപ വരെ ഇവർ കൈക്കലാക്കും. ഒപ്പം വാർഡിലുള്ള ആളുകളുടെ ആധാർ ഡാറ്റയും , ഫോൺ നമ്പരും. ബി ജെ പി നേതൃത്വത്തിൽ മുദാക്കൽ പഞ്ചായത്തിലെ വാളക്കാട് , ഊരുപൊയ്ക എന്നീ വാർഡുകളിൽ സംഘടിപ്പിച്ച ക്യാമ്പ് സി പി ഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ തടയുകയും സത്യാവസ്ഥ നാട്ടുകാരോട് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ നാട്ടുകാർ ക്യാമ്പിൽ പങ്കെടുക്കാതെ പിരിഞ്ഞ് പോകുകയുമായിരുന്നു. സി പി ഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം എം ബി ദിനേശ്, ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റ് ആർ പി നന്ദു രാജ് , മുദാക്കൽ പഞ്ചായത്തംഗം എ ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. സമാനമായി കിഴുവിലം പഞ്ചായത്തിലും ഇത്തരം ക്യാമ്പുകൾ ബി ജെ പി സംഘടിപ്പിച്ചിട്ടുണ്ട്. മുദാക്കൽ പഞ്ചായത്തിൽ ഇത്തരം വ്യാജ ക്യാമ്പുകൾക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി എസ് സുഖിൽ , പ്രസിഡൻ്റ് ആർ പി നന്ദു രാജ്, സി പി ഐ എം മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ്, പരുത്തി ബ്രാഞ്ച് സെകട്ടറി അനീഷ് എന്നിവരുടെ നേതൃത്വത്തിൽ മുദാക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് പള്ളിയറ ശശിക്ക് പരാതി നൽകി . Read on deshabhimani.com