തോൽവിക്ക് പിന്നാലെ സുരേന്ദ്രന്റെ രാജി നാടകം; ലക്ഷ്യം എതിർ ചേരിക്കെതിരായ നേതൃതല അന്വേഷണം
തിരുവനന്തപുരം > പാലക്കാട്ടെ വമ്പൻ തോൽവിക്ക് പിന്നാലെ കേന്ദ്രനേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബിജെപിക്ക് സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള പാലക്കാട് മണ്ഡലത്തിലെ തോൽവിയുടെ ഉത്തരവാദിത്വം സുരേന്ദ്രൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർടിയിൽ കലാപക്കൊടി ഉയർന്നിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യമടക്കം നേതാക്കൾ ഉന്നയിച്ച സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രൻ രാജിസന്നദ്ധത അറിയിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരെ സുരേന്ദ്രൻ നേരിട്ട് രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും പാലക്കാട്ടെ തോൽവിയിൽ ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നുമാണ് സുരേന്ദ്രൻ അറിയിച്ചത്. എന്നാൽ രാജിവയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചെന്ന് സുരേന്ദ്രൻ പക്ഷം പറയുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ സുരേന്ദ്രൻ തുടരട്ടെ എന്ന നിലപാടാണ് നേരത്തെയും കേന്ദ്രനേതൃത്വം സ്വീകരിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത ബിജെപിയിൽ കെ സുരേന്ദ്രനെതിരെ വമ്പൻ പടയൊരുക്കമാണ് നടക്കുന്നത്. സ്വന്തം നോമിനിയെ സ്ഥാനാർഥിയാക്കിയത് അടക്കം പാലക്കാട് തീരുമാനങ്ങളെല്ലാമെടുത്തത് സുരേന്ദ്രൻ ഒറ്റക്കെന്നാണ് എതിർചേരിയുടെ വിമർശനം. സ്വന്തം പക്ഷത്തായിരുന്ന വി മുരളീധരനടക്കമുള്ളവർ സുരേന്ദ്രനെ കൈവിട്ട സ്ഥിതിയാണ്. പാലക്കാട്ടെ തോൽവി സംബന്ധിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ കെ സുരേന്ദ്രനോട് ചോദിക്കാനായിരുന്നു ഇന്നലെ വി മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും സുരേന്ദ്രന്റെ തലയിൽ കെട്ടിവച്ചുകൊണ്ടുള്ള മുരളീധരന്റെ പ്രതികരണം ബിജെപിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്കുള്ള സൂചനയാണ്. സി കൃഷ്ണകുമാർ അല്ല സ്ഥാനാർഥി എങ്കിൽ വിജയം ഉറപ്പായിരുന്നു എന്നും പാർടിയുടെ മേൽക്കൂരയ്ക്ക് കാര്യമായ പ്രശ്നമുണ്ടെന്നുമുള്ള മുതിർന്ന നേതാവ് ശിവരാജന്റെ പ്രതികരണവും സുരേന്ദ്രനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. പാർടി സംസ്ഥാന അധ്യക്ഷൻ പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ചയുണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിപ്പിൽ അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരും ജനങ്ങൾക്ക് താല്പര്യം ഉള്ളവരും സംഘടനയുടെ മുഖമാവണമെന്നും സംഘടന ആരുടെയും വഖഫ് പ്രോപ്പർട്ടി അല്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന സമിതി അംഗം സി വി സജനി പ്രതികരിച്ചത്. ശോഭാ സുരേന്ദ്രനും പി കെ കൃഷ്ണദാസ് പക്ഷവും തന്ത്രപരമായ മൗനത്തിലാണ്. ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു കുമ്മനമടക്കമുള്ള നേതാക്കളുടെ അഭിപ്രായം. ഇത് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തിന് കത്തെഴുതുകയും ചെയ്തു. എന്നാൽ ഇതിനെയെതിർത്ത് കെ സുരേന്ദ്രൻ തനിക്ക് താൽപര്യമുള്ള സ്ഥാനാർഥിയെ നിർത്തി. ബിജെപി പ്രവർത്തകരും വലിയതോതിൽ സുരേന്ദ്രനെതിരെ തിരിഞ്ഞിട്ടുണ്ട്. പാർടിയെ നശിപ്പിക്കാതെ ഇറങ്ങിപ്പോകൂ എന്നതരത്തിലാണ് സുരേന്ദ്രന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ. പാർടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രനെ കൊണ്ടുവരണമെന്നും അത് ശരിയാകില്ലെന്നുമുള്ള അഭിപ്രായങ്ങളും പ്രവർത്തകർ ഉയർത്തുന്നുണ്ട്. ഏതായാലും നാളെ കൊച്ചിയിൽ നടക്കാനിരിക്കുന്ന സംസ്ഥാനതല നേതൃയോഗത്തിൽ കെ സുരേന്ദ്രനു നേരെ വലിയ തോതിൽ കടന്നാക്രമണം ഉണ്ടാകും. എം ടി രമേശും കുമ്മനം രാജശേഖരനും സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കും. ഇതിനെ മറികടക്കാനാണ് നേതൃത്വം അംഗീകരിക്കില്ല എന്നുറപ്പുണ്ടായിട്ടും സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. തെരഞ്ഞെടുപ്പ് തോൽവിയിൽ ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നുള്ള സുരേന്ദ്രന്റെ ആവശ്യം ശോഭാ സുരേന്ദ്രനടക്കമുള്ള എതിർ ചേരിയിലെ നേതാക്കളെ ലക്ഷ്യം വച്ചുള്ളതാണ്. Read on deshabhimani.com