താനൂർ തൂവൽതീരത്ത്‌ ബോട്ട്‌ മുങ്ങി 22 മരണം ; അപകടത്തിൽപ്പെട്ടത്‌ വിനോദയാത്രാസംഘം



മലപ്പുറം > ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ 12 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി.  ഞായർ രാത്രി ഏഴരയോടെയാണ്‌ അപകടം. രക്ഷപ്പെട്ടവരിൽ എട്ടുപേർ കോട്ടക്കൽ മിംസ്‌ ആശുപത്രിയിലും ഏഴുവയസ്സുള്ള ഒരു കുട്ടി കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സയിലാണ്‌. മിംസിലുള്ള നാല് കുട്ടികളുടെ സ്ഥിതി ഗുരുതരമാണ്‌. ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണം വ്യക്തമല്ല. നാൽപ്പത്‌ ടിക്കറ്റ്‌ നൽകിയെന്നാണ്‌ സൂചന. കുട്ടികൾക്ക്‌ ടിക്കറ്റ്‌ ഇല്ലായിരുന്നു. തൂവൽതീരത്തുനിന്ന്‌ പുറപ്പെട്ട അറ്റ്‌ലാന്റിക്‌ എന്ന ബോട്ട്‌   700 മീറ്റർ അകലെയാണ്‌ മറിഞ്ഞത്‌. താനൂർ സ്വദേശി നാസറാണ്‌ ഉടമ. അവധി ആഘോഷിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കുടുംബസമേതം എത്തിയവരാണ്‌ അപകടത്തിൽപ്പെട്ടത്‌. രക്ഷാപ്രവർത്തനം തുടരുന്നു. ബോട്ട്‌ ഒരുവശത്തേക്ക്‌ ചെരിഞ്ഞ്‌ തലകീഴായി മറിഞ്ഞു. യാത്രക്കാർ അടിയിൽപ്പെട്ടു. തൊട്ടുപിറകിൽ വന്ന മറ്റൊരു വിനോദസഞ്ചാര ബോട്ട്‌ അപകടം കണ്ട്‌ തിരിച്ചുപോയി യാത്രക്കാരെ ഇറക്കിവന്നാണ്‌  രക്ഷാപ്രവർത്തനം തുടങ്ങിയത്‌. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ രക്ഷാപ്രവർത്തനത്തിന്‌ ഇറങ്ങിയെങ്കിലും ഇരുട്ട്‌ തടസ്സമായി. വിവിധ സ്ഥലങ്ങളിൽനിന്നുള്ള അഗ്‌നിരക്ഷാ യൂണിറ്റുകളും പൊലീസും സ്‌കൂബ സംഘവും എത്തി. കരയ്‌ക്ക്‌ എത്തിച്ചവരെ  തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക്‌ മാറ്റി.     തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ 10 പേരുടെയും താനൂർ അജ്‌നോറ (ദയ) ആശുപത്രിയിൽ ഒമ്പതും തിരൂർ ജില്ലാ ആശുപത്രിയിൽ മൂന്നും മൃതദേഹങ്ങളുണ്ട്‌. മരിച്ചവരിൽ അഞ്ചുപേർ സ്‌ത്രീകളാണ്‌. മൃതദേഹങ്ങൾ രാവിലെ ആറോടെ മഞ്ചേരി മെഡിക്കൽ കോളേജ്‌, തിരൂരങ്ങാടി, തിരൂർ, പെരിന്തൽമണ്ണ  എന്നിവിടങ്ങളിലെ ഗവ. ആശുപത്രികളിലായി പോസ്‌റ്റുമോർട്ടം ചെയ്യും.   അഗ്‌നിരക്ഷാസേന കയർകെട്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ തീരത്തേക്ക്‌ വലിച്ച ബോട്ട്‌ വെട്ടിപ്പൊളിച്ച്‌ ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തു. തൃശൂരിൽനിന്ന്‌ ദുരന്തനിവാരണ സേനയും എത്തി. മന്ത്രിമാരായ വി അബ്ദുറഹ്മാനും പി എ മുഹമ്മദ്‌ റിയാസും കലക്ടർ വി ആർ പ്രേംകുമാറും രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.   മരിച്ചവരിൽ തിരിച്ചറിഞ്ഞവർ താനൂർ ഓലപ്പീടിക കാട്ടിൽപിടിയേക്കൽ സിദീഖ് (41), മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (മൂന്ന്‌), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ (കുഞ്ഞിമ്മു–-40), പരപ്പനങ്ങാടി സ്വദേശി സെയ്‌തലവിയുടെ മക്കളായ സഫ്‌ല (ഏഴ്‌), ഹസ്ന(18), പരപ്പനങ്ങാടി കുന്നുമ്മൽ റസീന, പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫലഹ് (ഏഴ്‌), പെരിന്തൽമണ്ണ പട്ടിക്കാട്‌ സ്വദേശി അൻഷിദ് (10), താനൂർ പൊലീസ്‌ സ്‌റ്റേഷനിലെ സിപിഒ മുടയമ്പിലാക്കൽ സഫറുദ്ദീൻ (38), പരപ്പനങ്ങാടി കുന്നുമ്മൽ സെയ്‌തലവിയുടെ മകൾ ഷംന (17), മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (ഏഴ്‌), പരപ്പനങ്ങാടി കുന്നുമ്മൽ സിറാജിന്റെ മകൾ സാറ (ഒമ്പത്‌).     ആശുപത്രികളിൽ 
കൂടുതൽ 
ജീവനക്കാരെ 
നിയോഗിച്ചു മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങളൊരുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ചികിത്സ ഉറപ്പാക്കാൻ മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും രാത്രിയോടെ സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. മുഖ്യമന്ത്രി ഇന്ന്‌ 
താനൂരിലെത്തും ദുരന്ത  സ്ഥലത്ത്‌ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കൾ രാവിലെ താനൂരിലെത്തും. അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ  മലപ്പുറം കലക്ടർക്ക് നിർദേശം നൽകി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.   തിങ്കളാഴ്ച സംസ്ഥാനത്ത്  ഔദ്യോഗിക ദു:ഖാചരണം മരിച്ചവരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ ഔദ്യോഗിക പരിപാടികൾ മാറ്റി. പോസ്റ്റുമോർട്ടം രാവിലെ ആറുമുതൽ താനൂർ ബോട്ടപകടത്തെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഞായർ രാത്രി ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ചേർന്നു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും തിങ്കൾ രാവിലെ ആറിനുതന്നെ പോസ്റ്റുമോർട്ടം ആരംഭിച്ച്‌ മൃതദേഹങ്ങൾ വേഗത്തിൽ വിട്ടുനൽകാനും മന്ത്രി കർശന നിർദേശം നൽകി.  ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ തൃശൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നുമെത്തിച്ച് തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും പോസ്റ്റുമോർട്ടം നടത്തും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. Highlights : ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് ജില്ലകളിൽ നിന്ന്‌ മലപ്പുറത്തെത്തിക്കും     Read on deshabhimani.com

Related News