ഗവ. മെഡിക്കൽ കോളേജിൽ പഠനാവശ്യത്തിന് മൃതദേഹം സ്വീകരിക്കാൻ മാനദണ്ഡമായി
കൊച്ചി എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പഠനാവശ്യത്തിനായി മൃതദേഹങ്ങൾ സ്വീകരിക്കുന്നതിന് പൊതുമാനദണ്ഡം നടപ്പാക്കി. ജില്ലാ ആരോഗ്യ വിദ്യാഭ്യാസവകുപ്പ് അധ്യക്ഷന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് മാനദണ്ഡം തയ്യാറാക്കിയത്. മൃതദേഹങ്ങൾ സ്വീകരിക്കാൻ മാനദണ്ഡമില്ലാതിരുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. ബന്ധുക്കൾ പഠനാവശ്യത്തിനായി ദാനം ചെയ്യുന്ന മൃതദേഹം അനാട്ടമി, ഫോറൻസിക് വിഭാഗങ്ങൾ ചേർന്ന് ഏറ്റുവാങ്ങണം. മുൻകൂട്ടി തീരുമാനിച്ച സ്ഥലത്ത് മെഡിക്കൽ കോളേജ് ആർഎംഒയും സെക്യൂരിറ്റി ഓഫീസറും ചേർന്ന് പുഷ്‌പചക്രം അർപ്പിച്ചുവേണം മൃതദേഹം സ്വീകരിക്കാൻ. സുരക്ഷാ ജീവനക്കാർ ആദരം അർപ്പിക്കണം. ഏറ്റുവാങ്ങുന്ന മൃതദേഹം ആദ്യം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കും തുടർന്ന് അനാട്ടമി, ഫോറൻസിക് വിഭാഗങ്ങളിലെ അറ്റൻഡർമാർ ചേർന്ന് അനാട്ടമി വിഭാഗത്തിലേക്കും മാറ്റണം. മൃതദേഹം മാറ്റുന്നതിനുള്ള ചുമതല ബന്ധുക്കളെ ഏൽപ്പിക്കാൻ പാടില്ല. നിശ്‌ചിത സ്ഥലത്തുവച്ച് ബന്ധുക്കളിൽനിന്ന് കൈമാറ്റരേഖ സ്വീകരിക്കണം. രേഖ കൈമാറുന്നതിന്റെ ഫോട്ടോ എടുക്കാൻ ബന്ധുക്കളെ അനുവദിക്കണമെന്നും മാനദണ്ഡത്തിൽ പറയുന്നുണ്ട്. ഡിഎംഇ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് പ്രതാപ്, സുപ്രണ്ട് ഡോ. ഗണേഷ് മോഹൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com