വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; വിവരങ്ങൾക്കായി "എക്സി'നെ സമീപിച്ച് പൊലീസ്



കൊച്ചി > നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നേരിട്ട സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. വിവരങ്ങൾക്കായി സാമൂഹ്യമാധ്യമമായ എക്സിനെ ( ട്വിറ്റർ) സമീപിച്ചു. എക്സ് അക്കൗണ്ടിൽ നിന്നാണ് വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണിയുണ്ടായത്. ഈ സാഹചര്യത്തിലാണ് ഭീഷണി സന്ദേശം അയച്ച അക്കൗണ്ടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടി പൊലീസ് എക്സിനെ സമീപിച്ചിട്ടുള്ളത്. adamlanza111, schizophrenia111 എന്നീ അക്കൗണ്ടുകളിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. ഈ രണ്ട് അക്കൗണ്ടുകളിൽ നിന്നുമാണ് വ്യാപകമായി വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം, ബംഗളുരുവിലേക്ക് പോയ ഇൻഡിഗോ വിമാനം എന്നിവയ്ക്കാണ് ഇന്നലെ ട്വിറ്ററിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. വിമാനങ്ങൾ പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഭീഷണി സന്ദേശം എത്തിയത്. വ്യാജ ഭീഷണി സന്ദേശങ്ങളെത്തുടർന്ന് രാജ്യത്തെ വ്യോമ​ഗതാ​ഗതം താളം തെറ്റിയിരുന്നു. എട്ടുദിവസത്തിനിടെ ബോംബ്‌ ഭീഷണി ലഭിച്ച വിമാനങ്ങളുടെ എണ്ണം 170 കവിഞ്ഞു. തിങ്കൾ അർധരാത്രി മുതൽ എൺപതോളം സർവീസുകളെ ഭീഷണികൾ ബാധിച്ചിട്ടുണ്ട്‌. ഭീഷണിപ്പെടുത്തുന്നവർ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ നിർമിച്ചാണ്‌ സന്ദേശം പോസ്റ്റ്‌ ചെയ്യുന്നത്‌. ഇതുവരെ പ്രധാന പ്രതികളെ കേന്ദ്രസർക്കാർ ഏജൻസികൾക്ക്‌ കണ്ടെത്താനായിട്ടില്ല. Read on deshabhimani.com

Related News