ബോംബ്‌ ഭീഷണി ; വിമാനത്തിന്‌ അടിയന്തര ലാൻഡിങ്‌ , ഒരാൾ കസ്‌റ്റഡിയിൽ



തിരുവനന്തപുരം ബോംബ്‌ ഭീഷണിയെത്തുടർന്ന്‌ തിരുവനന്തപുരത്ത്‌ വിമാനം അടിയന്തര ലാൻഡിങ്‌ നടത്തി. വ്യാജ ഭീഷണിയാണെന്ന്‌ കണ്ടെത്തി. ഒരാളെ കസ്‌റ്റഡിയിലെടുത്തു. കന്യാകുമാരി കീഴ്‌ക്കുളം സ്വദേശി രാജ എന്നയാളെ സംശയത്തിന്റെ പേരിലാണ്‌ കസ്‌റ്റഡിയിലെടുത്തതെന്ന്‌ പൊലീസ്‌ പറഞ്ഞു. വ്യാഴം രാവിലെ 7.30 ഓടെയാണ്‌ മുംബൈയിൽനിന്നെത്തിയ എഐ–-657  വിമാനത്തിന്റെ പൈലറ്റ്‌ സന്ദേശം നൽകിയത്‌. എട്ടോടെ അടിയന്തര ലാൻഡിങ്‌ നടത്തി. യാത്രക്കാരെ വേഗം പുറത്തിറക്കി വിമാനം ഐസൊലേറ്റഡ്‌ ഏരിയയിലേക്ക്‌ മാറ്റി പരിശോധിച്ചു. 128 യാത്രക്കാരും ആറ്‌ ജീവനക്കാരും ഉണ്ടായിരുന്നു. ഇവരെ സുരക്ഷാവിഭാഗം പരിശോധിച്ച്‌ മൊഴിരേഖപ്പെടുത്തി. ബോംബ്‌ വച്ചിട്ടുണ്ടെന്ന്‌ ശുചിമുറിയിലെ പേപ്പറിലാണ്‌ എഴുതിവച്ചിരുന്നത്‌. വിമാനം നിലത്തിറക്കിയതിനുപിന്നാലെ വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യാത്രക്കാരെ അഞ്ചുമണിക്കൂറോളം തടഞ്ഞുവച്ചു. ആദ്യം പ്രതിഷേധിച്ചെങ്കിലും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി യാത്രക്കാർ സഹകരിച്ചു. സിആർപിഎഫ്‌, ബോംബ്‌ സ്‌ക്വാഡ്‌, ഫയർഫോഴ്‌സ്‌ വിഭാഗങ്ങൾ വിമാനവും യാത്രക്കാരുടെ ബാഗുകളും പരിശോധിച്ചു. പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.പരിശോധന മറ്റു സർവീസുകളെ ബാധിച്ചില്ല. മുംബൈയിലേക്കുള്ള വിമാനത്തിൽ പോകാൻ കഴിയാത്തവർക്ക്‌ പകരം സംവിധാനങ്ങൾ ഒരുക്കി. Read on deshabhimani.com

Related News