വീഴുന്നു...
 മാലിന്യമലകൾ



കൊച്ചി ബ്രഹ്മപുരത്ത്‌ ബയോമൈനിങ്‌ ആരംഭിച്ചിട്ട്‌ എട്ടുമാസം (212 ദിനങ്ങൾ). പുതിയ ബ്രഹ്മപുരം സൃഷ്ടിക്കാൻ കോർപറേഷൻ നേതൃത്വത്തിൽ നടക്കുന്ന സമാനതകളില്ലാത്ത ഈ മഹാദൗത്യം ഇടവേളകളില്ലാതെ തുടരുകയാണ്‌. മലയോളം മാലിന്യംമാത്രമായിരുന്നില്ല വെല്ലുവിളി. പിഴവ്‌ കണ്ടെത്താൻ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്നവരെയും സ്ഥിരം തടസ്സവാദക്കാരെയുംകൂടി നേരിട്ടാണ്‌ നഗരമാലിന്യ പ്രതിസന്ധിക്ക്‌ ശാസ്‌ത്രീയ പരിഹാരമുണ്ടാക്കിയത്‌. യുഡിഎഫ്‌ നേതൃത്വത്തിലുള്ള കൗൺസിൽ ഭരിച്ച 10 വർഷവും "മാലിന്യംതള്ളൽ' മാത്രമാണ്‌ ബ്രഹ്മപുരത്തു നടന്നത്‌. നഗരത്തിന്‌ പുറമെ സമീപ തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യവും ഇവിടെ തള്ളി. പ്രവർത്തനം നിലച്ച്‌ അറ്റകുറ്റപ്പണികളില്ലാതെ പ്ലാന്റുകൾ നിലംപൊത്തിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു കഴിഞ്ഞവർഷം മാർച്ചിലുണ്ടായ തീപിടിത്തം. അതിന്റെ പേരിൽ പഴികേട്ടതാകട്ടെ രണ്ടുവർഷംമുമ്പുമാത്രം അധികാരത്തിലെത്തിയ എൽഡിഎഫ്‌ കൗൺസിലും.  തീപിടിത്തത്തിന്‌ പിന്നാലെ സംസ്ഥാന സർക്കാരും വിവിധ ഏജൻസികളുമായി ചേർന്ന്‌ നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായിരുന്നു ബ്രഹ്മപുരം പ്ലാന്റിന്റെ വീണ്ടെടുപ്പും പൂർണതോതിൽ പ്രവർത്തനസജ്ജമാക്കലും എന്ന ദൗത്യം. പ്ലാന്റിൽ കൂമ്പാരമായ മാലിന്യം മുഴുവൻ 16 മാസത്തിനുള്ളിൽ ശാസ്‌ത്രീയമായി സംസ്‌കരിച്ച്‌ സ്ഥലം വീണ്ടെടുക്കാനുള്ള ദൗത്യമാണ്‌ ബയോമൈനിങ്‌ നടത്തുന്ന ഭൂമിഗ്രീൻ എനർജി കമ്പനിക്ക് നല്‍കിയത്. ജനുവരി 15ന്‌ കമ്പനി ജോലി തുടങ്ങി. മാലിന്യം വേർതിരിക്കാനും സംസ്‌കരിക്കാനും ബയോമൈനിങ്ങിനും ആവശ്യമായ യന്ത്രങ്ങൾ, തൊഴിലാളികൾ ഉൾപ്പെടെ വിന്യസിച്ചു.  മാലിന്യക്കൂനകളുടെ തരംതിരിക്കലും സംസ്‌കരിക്കലുമാണ്‌ ആദ്യം ആരംഭിച്ചത്‌. അതിലൂടെ ദിവസം 15 മുതൽ 25 ട്രക്ക്‌ വരെ ആർഡിഎഫ്‌ സിമന്റ്‌ കമ്പനികളിലേക്ക്‌ പോകുന്നുണ്ട്‌. ഇതുവരെയുള്ള കണക്കുപ്രകാരം 71162.980  ടൺ ആർഡിഎഫ്‌ വേർതിരിച്ചു. ശേഷിക്കുന്ന മാലിന്യത്തിൽ പുനരുപയോഗിക്കാൻ കഴിയുന്നവ അതിനായി നൽകും. നിരീക്ഷണ സംവിധാനങ്ങൾക്ക്‌ കീഴിലാണ്‌ ഇതെല്ലാം ബ്രഹ്മപുരത്ത്‌ നടക്കുന്നത്‌. ശാസ്‌ത്രീയവും  അത്യാധുനികവുമായ സംസ്‌കരണ സംവിധാനങ്ങളിലൂടെ കൊച്ചിയുടെ ഭാവിയിലെ മാലിന്യപ്രശ്‌നത്തിനും ശാശ്വതപരിഹാരം കാണുകയാണ്‌ കോർപറേഷൻ. സിബിജി പ്ലാന്റ്‌, ഇൻസിനറേറ്റർ ഉൾപ്പെടെയുള്ള സംസ്‌കരണ സംവിധാനങ്ങൾ ബ്രഹ്മപുരത്ത്‌ സജ്ജമാക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്‌. അതേക്കുറിച്ച്‌ നാളെ. പോരാടാന്‍ പട്ടാളപ്പുഴു ബ്രഹ്മപുരത്തെത്തുന്ന ജൈവമാലിന്യത്തിന്റെ സംസ്‌കരണത്തിന്‌ കഴിഞ്ഞ മാർച്ചിലാണ്‌ പട്ടാളപ്പുഴുക്കളെ ഇറക്കിയത്‌. ഏറ്റവും ഉയർന്ന ശേഷിയുള്ള ബിഎസ്‌എഫ്‌ (ബ്ലാക്ക്‌ സോൾജ്യർ ഫ്‌ളൈ) ലാർവകളുടെ ഗണത്തിൽപ്പെടുന്നതാണ്‌ ബ്രഹ്മപുരത്തെ പട്ടാളപ്പുഴു. 50 ടൺവീതം ശേഷിയുള്ള രണ്ട്‌ ജൈവമാലിന്യ പ്ലാന്റുകളിലാണ്‌ പട്ടാളപ്പുഴുക്കളുടെ പോരാട്ടം. കുഴമ്പുരൂപത്തിലാക്കിയ ജൈവമാലിന്യമാണ്‌ പട്ടാളപ്പുഴുക്കൾക്ക്‌ നൽകുന്നത്‌. 10 ദിവസംകൊണ്ട്‌ ഭക്ഷിച്ച്‌ അതിനെ വളമാക്കി മാറ്റും. 10 ദിവസത്തിനുശേഷം പട്ടാളപ്പുഴുക്കളെ വളത്തിൽനിന്ന്‌ വേർതിരിച്ച്‌ ഉണക്കിയെടുക്കും. ഇത്‌ മീനുകളുടെയും വളർത്തുമൃഗങ്ങളുടെയും തീറ്റയ്‌ക്കുള്ള ചേരുവയാണ്‌. വളവും വളർത്തുമൃഗങ്ങളുടെ തീറ്റയും വിൽക്കുന്നു. സിഗ്മ ഗ്ലോബൽ എൻവയ്റോ സൊല്യൂഷൻസ് ലിമിറ്റഡ്‌, ഫാബ്കോ ബയോ സൈക്കിൾ എന്നിവയുടേതാണ്‌ പ്ലാന്റുകൾ. സ്‌പ്രേ ചെയ്യൽ, ക്ലീനിങ്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നു. Read on deshabhimani.com

Related News