ബ്രഹ്മപുരം അഴിമതിക്കേസ്‌ ; സി വി പത്മരാജൻ 
പ്രതിതന്നെ , 12 പ്രതികളുടെ വിടുതൽഹർജി വിജിലൻസ്‌ 
കോടതി തള്ളി



തിരുവനന്തപുരം ബ്രഹ്മപുരം ഡീസൽപ്ലാന്റ്‌ അഴിമതിക്കേസിൽ മുൻ വൈദ്യുതിമന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി വി പത്മരാജനടക്കമുള്ളവരുടെ വിടുതൽ ഹർജി വിജിലൻസ്‌ കോടതി തള്ളി. പത്മരാജൻ അടക്കമുള്ള പ്രതികൾക്ക്‌ സമൻസ്‌ അയക്കാൻ തിരുവനന്തപുരം വിജിലൻസ്‌ കോടതി ജഡ്‌ജി എം വി രാജകുമാര ഉത്തരവിട്ടു. സർക്കാരിന്‌ കോടികളുടെ നഷ്ടമുണ്ടാക്കിയ അഴിമതിക്കേസിലെ അഞ്ചാം പ്രതിയാണ്‌ പത്മരാജൻ. കെഎസ്‌ഇബി ചെയർമാന്മാരായിരുന്ന ആർ നാരായണൻ, ആർ ശിവദാസൻ, ബോർഡ്‌ അംഗങ്ങളായിരുന്ന വൈ ആർ മൂർത്തി, എസ്‌ ജനാർദനൻ പിള്ള, എം കെ പരമേശ്വരൻ നായർ, കെഎസ്‌ഇബി ഉദ്യോഗസ്ഥരായിരുന്ന സി ജെ ബർട്രാം നെറ്റോ, ജി കൃഷ്‌ണകുമാർ, എടിവി പ്രോജക്ട്‌സ്‌ ജനറൽ മാനേജറായിരുന്ന ദേബാശിഷ്‌ മജുംദാർ, ഫ്രഞ്ച്‌ കമ്പനി എസ്‌ഇഎംടി പീൽസ്റ്റിക്‌ ചെയർമാൻ ആൽഫ്രഡ്‌ ഹിർട്ട്‌സ്‌, മുൻ മാനേജർ ആൻഡ്ര ഓബിസ്‌ എന്നിവരാണ്‌ മറ്റുപ്രതികൾ. 1991ൽ യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ അഴിമതി നടന്നത്‌. ബ്രഹ്മപുരം ഡീസൽ വൈദ്യുതി പ്ലാന്റിലേക്ക്‌ ഫ്രഞ്ച്‌ കമ്പനിയായ എസ്ഇഎംടി പീൽസ്റ്റിക്കിൽനിന്ന് ഉയർന്ന വിലയ്‌ക്ക്‌ അഞ്ച്‌ ഡീസൽ ജനറേറ്റർ വാങ്ങിയതിൽ അഴിമതി നടന്നുവെന്നാണ്‌ കേസ്‌.  കെഎസ്‌ഇബി ചെയർമാനായിരുന്ന ആർ നാരായണൻ 1992 ജനുവരി 19ന്‌ പാരീസിലെത്തിയാണ്‌ ധാരണാപത്രത്തിൽ ഒപ്പിട്ടത്‌. ആഗോള ടെൻഡർ വിളിക്കാതെയായിരുന്നു തട്ടിപ്പ്‌. മന്ത്രിസഭയുടെ അനുമതിയില്ലാതെ ധാരണപത്രത്തിന്‌ പത്മരാജൻ അനുമതി നൽകി.  1993 ഡിസംബർ 14ന് ഒപ്പിട്ട കരാർ സർക്കാരിന്‌ അഞ്ചരക്കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ജനറേറ്ററുകൾ സ്ഥാപിച്ചതിൽ 1.39 കോടി രൂപയുടെ അഴിമതി തുടരന്വേഷണത്തിൽ കണ്ടെത്തി. 1.39 കോടി രൂപയുടെ അഴിമതിയിൽ നേരത്തേ ഉദ്യോഗസ്ഥരെ പ്രതികളാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. Read on deshabhimani.com

Related News