കുതിച്ച്‌ ബിഎസ്‌എൻഎൽ; പ്രതിമാസ വർധന ഒന്നര ലക്ഷം കണക്ഷൻ



തിരുവനന്തപുരം> ഫോൺ കണക്ഷനിലും പോർട്ട്‌ ചെയ്യുന്നവരുടെ എണ്ണത്തിലും കുതിപ്പുതുടർന്ന്‌ ബിഎസ്‌എൻഎൽ. പ്രതിമാസം ഒന്നര ലക്ഷമാണ്‌ പുതിയ കണക്ഷനെങ്കിൽ പോർട്ട്‌ ചെയ്യുന്ന നാലിൽ മൂന്നുപേരും ബിഎസ്‌എൻഎല്ലി ലേക്കായി. ജിയോ, എയർടെൽ അടക്കമുള്ള സ്വകാര്യ കമ്പനികൾ ഡാറ്റാ നിരക്ക്‌ വൻതോതിൽ വർധിപ്പിച്ചതും നിരക്കിൽ വർധനയില്ലാതെ തന്നെ മെച്ചപ്പെട്ട നിലയിൽ 4 ജി സൗകര്യം നൽകാൻ ബിഎസ്‌എൻഎൽ ശേഷിയാർജിച്ചതുമാണ്‌ പുതിയ കുതിപ്പിന്‌ കാരണം. കേരളത്തിൽ 60 ലക്ഷം കണക്ഷനുള്ള ബിഎസ്‌എൻഎൽ താമസിയാതെ തന്നെ ഒരുകോടിയിലേക്ക്‌ എത്തിയേക്കും. ഒരു ജിബി ക്ക്‌ 300 രൂപ എന്നതാണ്‌ പ്രധാന നേട്ടമായി ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്‌. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച്‌ മൂന്നിലൊന്നാണ്‌ ഈ നിരക്ക്‌. ‘സാച്ച്വറേഷൻ പ്രോജക്ട്‌ ’ എന്ന പേരിൽ ടവറുകൾ ഒന്നുമില്ലാത്ത പ്രദേശങ്ങൾ കണ്ടെത്തി പുതിയത്‌ സ്ഥാപിക്കുന്ന പദ്ധതിയും നേട്ടമായി. നിലവിലുള്ള 1000 നുപുറമെ 600 പുതിയ ടവറുകളാണ്‌ ബിഎസ്‌എൻഎൽ സ്ഥാപിച്ചത്‌. ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത ആധുനിക ടവറിന്‌ പഴയതിനേക്കാൾ ആറിരട്ടി ( 60 മെഗാ ഹെർട്‌സ്‌ ) വേഗതയാണുള്ളത്‌. ബോണക്കാട്‌, ഗവി, അട്ടപ്പാടി, ചൂരൽമല പോലെയുള്ള ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിലടക്കം സ്ഥാപിച്ചുകഴിഞ്ഞു. കേന്ദ്രത്തോടൊപ്പം കേരളസർക്കാരിന്റെ, പ്രത്യേകിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലും സഹായവും ഇത്തരമൊരുമാറ്റത്തിന്‌ കാരണമായെന്ന്‌ ബിഎസ്‌എൻഎൽ തിരുവനന്തപുരം റീജ്യണൽ അധികൃതർ വ്യക്തമാക്കുന്നു. റിസർവ്‌ വനത്തിലും സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള സ്ഥലങ്ങളിലുമാണ്‌ ടവറുകൾ. ഇവ അതിവേഗം അനുവദിക്കാൻ സർക്കാർ കാണിച്ച താൽപര്യമാണ്‌ മുക്കിലും മൂലയിലും 4 ജി എത്തിക്കാൻ സൗകര്യമാകുന്നത്‌. ഇന്ത്യയിലെ സ്മാർട്ട്‌ ഫോണുകളിൽ ബഹുഭൂരിപക്ഷവും 4 ജി സംവിധാനത്തിലുള്ളതായതിനാൽ തിടുക്കപ്പെട്ട്‌ 5 ജി യിലേക്ക്‌ പോകേണ്ടതില്ലെന്നുമാണ്‌ ബിഎസ്‌എൻഎൽ വിലയിരുത്തൽ.   Read on deshabhimani.com

Related News