തയാറെടുപ്പുകൾ പൂർത്തിയായി; ചേലക്കരയും വയനാടും നാളെ പോളിങ് ബൂത്തിലേക്ക്



തിരുവനന്തപുരം > ചേലക്കര, വയനാട്‌ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയായി. ഇരു മണ്ഡലങ്ങളിലും നാളെ(ബുധനാഴ്‌ച) തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോ​ഗിക്കാനുള്ള സമയം. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കര മണ്ഡലത്തിൽ ആറും വയനാട്ടിൽ 16 ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ്‌ ഉള്ളത്‌. 180 പോളിങ് ബൂത്തുകളിൽ മൂന്ന്‌ ഓക്‌സിലറി ബൂത്തുകളുണ്ട്‌. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്‌. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്.  പ്രശ്നസാധ്യതാ ബൂത്തുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫർ, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പടെയുളള മുഴുവൻ ദൃശ്യങ്ങളും ചിത്രീകരിക്കും. പോളിങ് സാമ​ഗ്രികളുടെ വിതരണം പൂർത്തിയായി രണ്ട് മണ്ഡലങ്ങളിലും ചൊവ്വാഴ്ച രാവിലെ മുതൽ തുടങ്ങിയ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. കുറ്റമറ്റ രീതിയിലാണ് മുഴുവൻ സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ക്രമീകരിച്ചത്. പ്രത്യേക വാഹനങ്ങളിൽ പോളിങ് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിച്ചു. യാത്രാവേളയിൽ പൊലീസും സെക്ടറൽ ഓഫീസറും അനുഗമിച്ചു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ വിപുലമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. എല്ലാ ബൂത്തുകളും ക്യാമറ നിരീക്ഷണത്തിൽ ഇരു മണ്ഡലത്തിലെ മുഴുവൻ പോളിങ് ബൂത്തുകളും ക്യാമറ നിരീക്ഷണ വലയത്തിലായിരിക്കും. വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതൽ പൂർത്തിയാകുന്നത് വരെ വോട്ട് ചെയ്യൽ ഒഴികെയുള്ള മുഴുവൻ നടപടികളും പ്രത്യേക കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിക്കാൻ കഴിയും. കള്ളവോട്ട് ഉൾപ്പെടെയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും സുതാര്യവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. കള്ളവോട്ടും ആൾമാറാട്ടവും തടയാൻ പ്രത്യേക ആപ്പുകൾ ഉപയോ​ഗിച്ചുള്ള നിരീക്ഷണവും നടക്കും. കനത്ത സുരക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് മണ്ഡലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തർ സംസ്ഥാന സേനയും അന്തർ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തും. കൂടാതെ സംസ്ഥാന, ജില്ലാ  അതിർത്തികളിലും പ്രത്യേക പൊലീസ് പരിശോധന നടക്കുന്നുണ്ട്. സ്‌ട്രോങ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എൻസിസി, എസ്‍പിസി  തുടങ്ങി 2700 പൊലീസ് അധിക സേനയും ജില്ലയിലുണ്ടാകും. ചേലക്കരയിൽ തൃശ്ശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് കീഴിൽ കേരള പോലീസിന്റെ 600 ലധികം പൊലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി കേന്ദ്ര സേനയേയുമാണ് വിന്യസിക്കുന്നത്. മണ്ഡലത്തിൽ പ്രശ്നസാധ്യതാ ബൂത്തുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാല് സിഎപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മറ്റു ബൂത്തുകളിൽ രണ്ട് പോലീസുകാരെയും വിന്യസിക്കും. ഇതിന് പുറമെ ബൂത്തുകളുടെ എണ്ണം തിരിച്ച് ഗ്രൂപ്പ് പട്രോളിങ്, ക്രമസമാധാന പട്രോളിങ്, ക്വിക്ക് റിയാക്ഷൻ പട്രോളിങും നടത്തും. ഡ്രൈ ഡേ നിലവിൽ വന്നു വയനാട്ടിലും ചേലക്കരയിലും ഡ്രൈ ഡേ നിലവിൽ വന്നു. 13 ന് വോട്ടെടുപ്പ് ജോലികൾ പൂർത്തിയാകുന്നതുവരെ ഡ്രൈ ഡേ ആയിരിക്കും. ഈ സമയത്ത് മണ്ഡലത്തിലെ സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരി പദാർഥങ്ങൾ വിൽക്കാനോ വിതരണം ചെയ്യാനോ സംഭരിക്കാനോ പാടില്ല. മദ്യ ഷാപ്പുകൾ, ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ, ക്ലബുകൾ, അനുബന്ധമായി പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയും ഈ ദിനങ്ങളിൽ പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. തിരിച്ചറിയൽ രേഖ നിർബന്ധം വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തുന്നവർ നിർബന്ധമായും തിരിച്ചറിയൽ രേഖ കൈവശം കരുതണം. താഴെ പറയുന്ന ഏതെങ്കിലും അംഗീകൃതരേഖ വോട്ടു ചെയ്യാനായി ഉപയോ​ഗിക്കാം. ● വോട്ടർ ഐഡി കാർഡ് ● ആധാർ കാർഡ് ● പാൻ കാർഡ് ● ഡ്രൈവിങ് ലൈസൻസ് ● പാസ്‌പോർട്ട് ● സർവീസ് ഐഡന്റിറ്റി കാർഡ് ● ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക് ● തൊഴിൽമന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ് ● ഫോട്ടോ പതിപ്പിച്ച പെൻഷൻ കാർഡ് ● എൻപിആർ സ്‌കീമിന് കീഴിൽ ആർജിഐ നൽകിയ സ്മാർട്ട് കാർഡ് ● എംപി/എംഎൽഎ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ● ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ് എന്നിവയിൽ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയൽ രേഖ. Read on deshabhimani.com

Related News