അടിയന്തരാവസ്ഥയിൽ മരണമുഖത്തുനിന്ന്‌ രക്ഷപ്പെട്ട സമരനായകൻ



മയ്യഴി > വിവാഹം കഴിഞ്ഞ്‌ പുതുച്ചേരി കമേഴ്‌സ്യൽ ടാക്‌സ്‌ ഓഫീസിൽ ജോലിക്കെത്തിയ ദിവസമാണ്‌ അടിയന്തരാവസ്ഥയിൽ സി എച്ച്‌ ബാലമോഹനനെ അറസ്‌റ്റ്‌ ചെയ്‌തത്‌. സർക്കാർ ഓഫീസിൽ നിന്ന്‌ പിടിച്ചുകൊണ്ടുപോയപ്പോൾ സി എച്ച്‌ബാലമോഹനനെ അറസ്‌റ്റ്‌ ചെയ്‌തതിന്‌ രേഖയുണ്ടായില്ല. പുതുച്ചേരി ഹാർബറിൽ കൊണ്ടുപോയി ചാക്കിൽകെട്ടി കടലിൽ മുക്കി പീ്ഡിപ്പിച്ചു. ഓരോതവണയും ക്രെയിനും ചാക്കും കടലിൽ നിന്ന്‌ ഉയർത്തുമ്പോൾ  മാഹി എംഎൽഎയായിരുന്ന കെ വി രാഘവൻ എവിടെയെന്ന്‌ ചോദിച്ചു. ചാരുമജുംദാർ എവിടെ, നീ നക്‌സലൈറ്റ്‌ അല്ലേ എന്നൊക്കെ ചോദിച്ചു. ദിവസങ്ങളോളം പീഡനം തുടർന്നു. ആരുടെയോ മനസലിവിലാണ്‌ മരണ്ത്തിൽ നിന്ന്‌ രക്ഷപ്പെട്ടത്‌. പിന്നീട്‌ മിസ പ്രകാരം അറസ്‌റ്റ്‌ രേഖപ്പെടുത്തി ജയിലിലടച്ചു. ഇന്ദിരഗാന്ധി തെരഞ്ഞെടുപ്പിൽ തോൽകും വരെ ജയിൽവാസം. പുതുച്ചേരിയിലെ കടലിൽ അവസാനിക്കുമായിരുന്ന സി എച്ച്‌ ബാലമോഹനന്റെ ജീവൻ പിന്നെയും പതിറ്റാണ്ടുകൾ നാടിന്‌ വെളിച്ചവും മാർഗദീപവുമായി. സഹനങ്ങളുടെ തീക്കടൽ താണ്ടിയ പോരാളിയാണ്‌ മാഹിയിൽ അന്തരിച്ച സി എച്ച്‌ ബാലമോഹനൻ. അടിയന്തരാവസ്ഥയിൽ മരണമുഖത്ത്‌ നിന്ന്‌ രക്ഷപ്പെട്ട പോരാളി അധികാരി വർഗത്തിന്റെ ഉഗ്രശാസനൾക്ക്‌ മുന്നിൽ ഒരുകാലവും കീഴ്ടങ്ങിയില്ല. അറസ്‌റ്റ്‌ ജയിൽവാസവും സമരവും സസ്‌പെൻഷനുമെല്ലാം ആ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജിപ്‌മെറും തുറമുഖവും സംരക്ഷിച്ച നേതാവ്‌ അൻപുമണി രാമദാസ്‌ കേന്ദ്രമന്ത്രിയായപ്പോൾ പുതുച്ചേരി ജിപ്‌മെർ സ്വയംഭരണസ്ഥാപനമാക്കി ചികിത്സക്ക്‌ ഫീസ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചു. പാവങ്ങൾക്ക്‌ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ അടങ്ങിയിരിക്കാൻ സി എച്ച്‌ ബാലമോഹനന്‌ സാധിച്ചില്ല.  എല്ലാ പാർടികളെയും ഉൾപ്പെടുത്തി സമരസമിതിയുണ്ടാക്കി. സെക്രട്ടറി സി എച്ച്‌ ബാലമോഹനും പ്രസിഡന്റ്‌ ടി മുരുഗനും. വിജയം വരെ സമരവും നിയമയുദ്ധവും തുടർന്നു. പുതുച്ചേരി തുറമുഖം സുഭാഷ്‌ എന്റർപ്രൈസസിന്‌ 2700 കോടി രൂപക്ക്‌ വിൽകാൻ കോൺഗ്രസ്‌ സർക്കാർ തീരുമാനിച്ചപ്പോൾ അതിനെതിരായ സമരത്തിനും നേതൃത്വം നൽകി. ആയിരങ്ങളാണ്‌ തുറമുഖ സംരക്ഷണ പോരാട്ടത്തിൽ അണിനിരന്നത്‌. സുപ്രിംകോടതിയിൽ നൽകിയ ഹർജിയിലാണ്‌ തുറമുഖം സംരക്ഷിക്കപ്പെട്ടത്‌. തുറമുഖ സംരക്ഷണ സമരത്തിന്‌ നേതൃത്വം നൽകിയതിന്‌ സംസ്ഥാനസർക്കാർ കാരണം കാണിക്കൽ നോട്ടീസ്‌ നൽകി. സർക്കാർ നയത്തിന്‌ വിരുദ്ധമായി സർവീസ്‌ ചട്ടം ലംഘിച്ച്‌ പ്രവർത്തിച്ചുവെന്നതായിരുന്നു കുറ്റം. വിരമിക്കുന്നതിന്‌ തൊട്ടുമുൻപുള്ള നടപടിക്കെതിരെ ഏഴായിരം ജീവനക്കാർ അണിനിരന്ന വലിയ പ്രക്ഷോഭത്തിനും പുതുച്ചേരി വേദിയായി. ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ നേതാവായിരുന്നു സി എച്ച്‌ ബാലമോഹനൻ. പുതുച്ചേരിയിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ വഴികാട്ടിയും മാർഗദർശിയുമായ നേതാവിനെയാണ്‌ സി എച്ച്‌ ബാലമോഹനന്റെ വേർപാടിലൂടെ നഷ്‌ടമാവുന്നത്‌. ജീവനക്കാരുടെ അവകാശ സമരനായകൻ പുതുച്ചേരിയിലെ സർക്കാർ ജീവനക്കാരുടെ അവകാശസമരനായകനാണ്‌ സി എച്ച്‌ ബാലമോഹനൻ. അടിയന്തരാവസ്ഥകാലത്ത്‌ രൂപീകരിച്ച കോൺഫെഡറേഷൻ ഓഫ് പോണ്ടിച്ചേരി സ്റ്റേറ്റ് ഗവ.എംപ്ലോയീസ് അസോസിയേഷന്റെ സ്ഥാപക നേതാവ്‌. 47 വർഷമായി സംഘടനയുടെ അമരത്ത്‌ സി എച്ച്‌ ബി എന്ന കുറിയ മനുഷ്യനുണ്ട്‌. പുതുച്ചേരിയിലെ സർവീസ്‌ സംഘടനയെ പതിനയ്യായിരത്തിലേറെ അംഗങ്ങളുള്ള കരുത്തുറ്റ ശക്തയാക്കി വളർത്തിയത്‌ സി എച്ച്‌ ബാലമോഹനനാണ്‌. പുലർച്ചെ മുതൽ രാവേറെ വരെ നീളുന്നതാണ്‌ അദ്ദേഹത്തിന്റെ പ്രവർത്തനം. പലപ്പോഴും സർവീസ്‌ സംഘടനാ ഓഫീസിൽ തന്നെയാവും ഉറക്കം. ഒന്നിന്‌ പിറകെ ഒന്നായി യോഗങ്ങൾ, ചർച്ചകൾ, തൊഴിൽ പ്രശ്‌നങ്ങൾ, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൽ... അങ്ങനെ നീളുന്ന പ്രവർത്തനം. ഹൃദയശസ്‌ത്രക്രിയക്ക്‌ ശേഷവും ദിനചര്യയിൽ മാറ്റമുണ്ടായില്ല. വിശ്രമത്തിനും ചികിത്സക്കുമായാണ്‌ ഏതാനും ദിവസംമുൻപ്‌ മാഹിയിലേക്ക്‌ വന്നത്‌. ഒടുവിൽ ജന്മനാട്ടിൽവെച്ച്‌ അന്ത്യവും. പുതുച്ചേരിയിൽ മുഖ്യമന്ത്രിയും ലെഫ്‌. ഗവർണറും തമ്മിലുള്ള തർക്കത്തിൽ സുപ്രിംകോടതിക്ക്‌ സമർപ്പിക്കാൻ കോൺഗ്രസ്‌ നേതാവും അഭിഭാഷകനുമായ കബിൽ സിബലിന്‌ മുന്നിൽ ഒരു ഹർജിയെത്തി. വിഷയത്തിന്റെ സത്തയാകെ കൃത്യമായി വിവരിച്ച ആ ഹർജികണ്ട്‌ കബിൽ സിബിൽ ഇതാരാണ്‌ തയാറാക്കിയതെന്ന്‌ അന്വേഷിച്ചു. സർവീസ്‌ സംഘടനാനേതവ്‌ സി എച്ച്‌ ബാലമോഹനനെന്ന പുതുച്ചേരി മന്ത്രി പറഞ്ഞപ്പോൾ കബിൽ സിബൽ പോലും അദ്‌ഭുതപ്പെട്ടു. സുപ്രിംകോടതിയിലേക്കും മദിരാശി ഹൈക്കോടതിയിലേക്കുമുള്ള ഹർജികൾ അഭിഭാഷകനല്ലാത്ത സി എച്ച്‌ ബാലമോഹനൻ സ്വയം തയാറാക്കിയാണ്‌ നൽകിയത്‌. സർവീസ്‌ സംബന്ധമായ വിഷയങ്ങളിലും  പൊതുപ്രശ്‌നങ്ങളിലും അദ്ദേഹം തയാറാക്കിയ ഹർജികൾ നിയമവൃത്തങ്ങളെ പോലും അമ്പരപ്പിച്ചിട്ടുണ്ട്‌. എന്നും ന്യായത്തിന്റെയും നീതിയുടെയു പക്ഷത്തായിരുന്നു സി എച്ച്‌ ബാലമോഹനൻ. രാഷ്‌ട്രീയഭേദമില്ലാതെ ആളുകൾ അദ്ദേഹത്തെ സമീപിച്ചു. ഏറ്റെടുത്ത കാര്യങ്ങൾ വിജയിപ്പിക്കാൻ ഏതറ്റംവരെയും പോകാൻ മടിച്ചില്ല. ബാലമോഹനന്റെ രാഷ്‌ട്രീയത്തെ അംഗീകരിക്കാത്തവർ പോലുംഅദ്ദേഹത്തെ സ്‌നേഹിച്ചു, ആദരിച്ചു. സർവ സമ്മതനായ സർവീസ്‌ സംഘടനാനേതാവായി ബാല മോഹനൻ അങ്ങനെയാണ്‌ വളർന്നത്‌. ജീവനക്കാരുടെ സർവീസ്‌ പ്രശ്‌നങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ല ബാലമോഹനനെന്ന കമ്യൂണിസ്‌റ്റിന്റെ സേവനം. പ്രകൃതി സംരക്ഷണം അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. പുതുച്ചേരി അരവിന്ദാശ്രമവുമായി പരിസ്ഥിതി സംരക്ഷണത്തിൽ കൈകോർക്കാനും മടിച്ചില്ല. Read on deshabhimani.com

Related News