കോൺഗ്രസ് നേതാവിന്റെ നിക്ഷേപത്തട്ടിപ്പ് ; ഗുരുവായൂരിൽ പരാതിയുമായി 7 പേർ
തൃശൂർ കെപിസിസി സെക്രട്ടറിയായിരുന്ന സി എസ് ശ്രീനിവാസൻ മുഖ്യപ്രതിയായ ഹീവാൻസ് നിധി നിക്ഷേപത്തട്ടിപ്പുകേസിൽ ഗുരുവായൂരിലും ചേർപ്പിലും പരാതി. പണം തിരികെ ലഭിക്കാത്ത ഏഴ് നിക്ഷേപകർ ഗുരുവായൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. ചേർപ്പ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മറ്റൊരു പരാതിയിൽ കമ്പനി എംഡി സി എസ് ശ്രീനിവാസന്റെയും ചെയർമാൻ സുന്ദർമേനോന്റെയും മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഒമ്പത് ലക്ഷംരൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പണം നഷ്ടപ്പെട്ട 16പേർ നിയമ സഹായവേദിയുടെ സഹായം തേടി. എന്നാൽ പ്രതികൾ റിമാൻഡിലായതിനാൽ നടപടി തുടരാനായില്ല. ഇവരും പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. പലർക്കും പതിനായിരംമുതൽ ഒരു കോടിയോളംവരെ തുക നഷ്ടപ്പെട്ടവരുണ്ട്. പരാതികൾ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ജനങ്ങൾ നിക്ഷേപിച്ച പണം ഡയറക്ടർമാർക്ക് പങ്കാളിത്തമുള്ള മറ്റ് സ്ഥാപനത്തിലേക്ക് മാറ്റിയതായി സൂചനയുണ്ട്.പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, ആലത്തൂർ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 18 കേസുകളിലാണ് സി എസ് ശ്രീനിവാസൻ, സുന്ദർ മേനോൻ, ബിജു മണികണ്ഠൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ്‌ചെയ്തത്. Read on deshabhimani.com