മൊഴി സുരേന്ദ്രന് കുരുക്കാകും; തിരൂർ സതീഷ്
തൃശൂർ > കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കുരുക്കായി പാർടി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴി. കോടികളുടെ കള്ളപ്പണ ഇടപാടിൽ സുരേന്ദ്രന്റെയും ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറിന്റെയും ഉൾപ്പെടെ നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന മൊഴിയാണ് പ്രത്യേക അന്വേഷകസംഘത്തിന് നൽകിയത്. കള്ളപ്പണ ഇടപാടിലെ രഹസ്യസ്വഭാവമുള്ള രേഖകളും കൈമാറി. സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ പൊലീസ് ഉടൻ ചോദ്യംചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ കുഴൽപ്പണം എത്തിച്ച ധർമരാജനെ സുരേന്ദ്രനും അനീഷ്‌കുമാറുമാണ് തനിക്ക് പരിചയപ്പെടുത്തിയതെന്ന് സതീഷ് മൊഴി നൽകി. തെരഞ്ഞെടുപ്പ് സാമഗ്രികളെന്ന വ്യാജേനെയാണ് പണമെത്തിച്ചത്. പണംവരുന്ന ദിവസം രാത്രി ഓഫീസ് അടയ്‌ക്കരുതെന്നും നിർദേശിച്ചു. ആറു ചാക്കിലായി ഒമ്പതുകോടി രൂപയാണ് എത്തിച്ചത്. ഈ പണം ഉപയോഗിച്ച് നേതാക്കൾ ഭൂമിയും വാഹനങ്ങളും വാങ്ങി. കവർച്ചക്കേസിലെ പ്രതികളുമായും നേതാക്കൾക്ക് ഡീലുണ്ട്. റിയൽ എസ്‌റ്റേറ്റ് ബിനാമി ഇടപാടുകളും നടത്തി. ബിജെപി നേതാക്കളുടെ സ്വത്തുവിവരം പരിശോധിച്ചാൽ ഇത് വ്യക്തമാവുമെന്നും മൊഴിയിലുണ്ട്. നേതാക്കളുടെ വ്യാപാരപങ്കാളികളുടെ പേരുകളും പൊലീസിന് കൈമാറി. കേസിൽ ആദ്യം സമർപ്പിച്ച കുറ്റപ്പത്രത്തിൽ 14–-ാം സാക്ഷിയാണ് തിരൂർ സതീഷ്. സതീഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. കോടതി ഇതിനു അനുമതിയും നൽകി. ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. Read on deshabhimani.com