വയോജന കമീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം;ഓർഡിനൻസ് പുറപ്പെടുവിക്കും: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം > വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്‌ന പരിഹാരങ്ങള്‍ക്കുമായി വയോജന കമീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം. ഓർഡിനൻസ് ഉടൻ പുറപ്പെടുവിക്കുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയോജന കമീഷനിൽ ചെയർപേഴ്സൺ ഉൾപെടെ 4 അംഗങ്ങളുണ്ടാകും. ഒരു വനിത അംഗം നിർബന്ധമാണ്. 3 വർഷമായിരിക്കും വയോജന കമീഷന്റെ കാലാവധിയെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം ജില്ലാ പഞ്ചായത്ത് നൈപുണ്യ നഗരം പദ്ധതി പഠിതാക്കളുടെ സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല വയോജനങ്ങള്‍. അവരെ ചേര്‍ത്തുനിര്‍ത്തുന്ന നയമാണ് സര്‍ക്കാരിനുള്ളത്. ഏറെ അനുഭവസമ്പത്തും പ്രായോഗിക അറിവുമുള്ള അവരുടെ വിലപ്പെട്ട സംഭാവനകള്‍ സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിന് സഹായകരമാണ്. വയോജന ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. വയോജനങ്ങളില്‍ പൊതുവേ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഓര്‍മ്മ നഷ്ടപ്പെടല്‍. അതിനൊരു പരിഹാരം എന്ന നിലയില്‍ സംസ്ഥാനത്തുടനീളം മെമ്മറി ക്ലിനിക്കുകള്‍ സജ്ജമാക്കുകയാണ്. വയോമിത്രം, വയോജന പാര്‍ക്കുകള്‍ തുടങ്ങി മറ്റ് ഒട്ടനേകം പദ്ധതികളും യാഥാര്‍ത്ഥ്യമാക്കി വരുന്നു. ഈ പദ്ധതികളുടെ വിവരങ്ങള്‍ സാമൂഹ്യ നിതിവകുപ്പിന്റെ സുനീതി പോര്‍ട്ടലില്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com