കലിക്കറ്റ് ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ്: എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം
തേഞ്ഞിപ്പലം > കലിക്കറ്റ് സർവകലാശാലാ ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. പതിനൊന്ന് സീറ്റിൽ പതിനൊന്നും നേടിയാണ് യൂണിയൻ ഭരണം നിലനിർത്തിയത്. 2417 വോട്ടുകൾ പോൾ ചെയ്‌തതിൽ 547മുതൽ 759വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എസ്‌എഫ്‌ഐ സ്ഥാനാർഥികളുടെ ജയം. എം എസ് ബ്രവിം ചെയർമാനായും എം അഭിനന്ദ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കെ കീർത്തന (വൈസ് ചെയർപേഴ്സൺ), ഫാത്തിമത്തുൽ ഫിഫാന (ജോയിന്റ് സെക്രട്ടറി), പി എസ് കീർത്തന ഉണ്ണി (ഫൈൻ ആർട്‌സ് സെക്രട്ടറി), എൻ പി നവീൻ (സ്റ്റുഡന്റ് എഡിറ്റർ), ഡോൺ പി ജോസഫ് (ജനറൽ ക്യാപ്റ്റൻ), ഐ മുരളീകൃഷ്ണ, എം എം സിയാന (യുയുസിമാർ) എന്നിവരാണ് ജനറൽ സീറ്റിൽ ജയിച്ചവർ. സർവകലാശാലയുടെ തൃശൂർ പഠന വിഭാഗങ്ങളുടെ പ്രതിനിധിയായി ജി കാർത്തിക്കും വയനാട് ചിതലയം ഐടിഎസ്ആർ പ്രതിനിധിയായി ടി അനന്തുവും വിജയിച്ചു. സർവകലാശാലാ ക്യാമ്പസിലെ ഗവേഷക വിദ്യാർഥികളും ആദ്യമായി ഡിഎസ്‌യു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഹൈക്കോടതി നിർദേശപ്രകാരം ഇവരുടെ വോട്ടുകൾ പ്രത്യേകമായി സൂക്ഷിക്കും. Read on deshabhimani.com