മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടുന്നവരുമായി ചർച്ചയാകാം: കോടിയേരി
തിരുവനന്തപുരം> എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടാൻ തയ്യാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചർച്ച നടത്താൻ സിപിഐ എം സന്നദ്ധമാണെന്ന് സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കി. ‘ഇപ്പോൾ അപ്രകാരമൊരു ചർച്ചയുണ്ടായിട്ടില്ല. എങ്കിലും ഭാവിരാഷ്ട്രീയത്തിൽ യുഡിഎഫിൽ പൊട്ടിത്തെറിയും പ്രതിസന്ധിയുമുണ്ടാകുകയും അത് പുതിയ തലങ്ങളിലേക്ക് വളരുകയും ചെയ്യും. കോൺഗ്രസും ബിജെപിയും അവിശുദ്ധബന്ധമുണ്ടാക്കി എൽഡിഎഫിനെ നേരിടാൻ ഇറങ്ങും. അതിനെയെല്ലാം അതിജീവിച്ച് എൽഡിഎഫിന് തുടർഭരണം നൽകാൻ പ്രബുദ്ധകേരളം തയ്യാറാകും.’ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു. നാലു വർഷം പിന്നിടുന്ന എൽഡിഎഫ് ഭരണത്തിന്റെ പ്രത്യേകത, ഇക്കാലയളവിൽ എൽഡിഎഫിലും സിപിഐ എമ്മിലും ആശയപരവും രാഷ്ട്രീയവും സംഘടനാപരവുമായ ഐക്യം നിലനിൽക്കുന്നുവെന്നതാണെന്ന് ലേഖനത്തിൽ പറയുന്നു. മുൻകാലങ്ങളിൽ പല വിഷയത്തിലും സിപിഐ എമ്മിൽപ്പോലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അതെല്ലാം ഉൾപാർടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ പൂർണമായി പരിഹരിച്ചു. ഇന്ന് പൂർണ ഐക്യത്തോടെ പാർടി മുന്നോട്ടുപോകുന്നു. അതുകൊണ്ടുതന്നെ പാർടി–- ഭരണനേതൃത്വങ്ങൾ രണ്ടുതട്ടിലെന്ന അവസ്ഥയില്ല. ഏകീകൃത ധാരണയോടെ മുന്നോട്ടുപോകുന്നുവെന്നത് ഭരണത്തിനും പാർടിക്കും മുന്നണിക്കും പരസ്പരം ശക്തിപകരുന്നതാണ്. ഇത് ജനങ്ങളുടെ അംഗീകാരത്തിന് ഇടയാക്കുന്നു. ലേഖനത്തിന്റെ പൂർണ്ണരൂപം താഴെ: പുതിയ ഭരണസംസ്കാരം - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു Read on deshabhimani.com