കാരവൻ പാർക്ക് വീട്ടുമുറ്റത്തും തുടങ്ങാം ; സർക്കാർ സബ്സിഡി ലഭിക്കും



തിരുവനന്തപുരം വിനോദസഞ്ചാരികൾക്കായി സർക്കാർ സബ്സിഡിയിൽ വീട്ടുമുറ്റത്തും കാരവൻ പാർക്കുകൾ ഒരുക്കാം. വീടുകളോട് ചേർന്നും തോട്ടങ്ങളിലും കാരവൻ പാർക്കുകൾ നി‌ർമിക്കാൻ ടൂറിസം വകുപ്പ് അനുമതി ലഭിക്കും. അർഹമായ 50 പാർക്കിന്‌ സർക്കാർ സബ്‌സിഡിയും ലഭിക്കും. ഒരേസമയം ഒന്നോ രണ്ടോ കാരവനുകളെ ഉൾക്കൊള്ളാൻ കഴിയുന്ന പാർക്കുകൾ പ്രവർത്തിപ്പിക്കാൻ സ്ഥലമുള്ള വീടുകൾക്കാണ് ഇത്തരം ചെറിയ പാർക്കുകൾ നിർമിക്കാൻ അനുമതി നൽകുക. പാർക്കുകളുടെ രൂപകൽപ്പനയിലും നിർമാണത്തിനും സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ സഹായവും നൽകും. ഇത് സംബന്ധിച്ച് ധാരണപത്രത്തിൽ ടൂറിസം വകുപ്പും സ്റ്റാർട്ടപ് മിഷനും ഒപ്പുവയ്ക്കും.  ഉത്തരവാദിത്വ ടൂറിസം മിഷൻ മുഖേനയാണ് കാരവൻ പാർക്കുകൾക്കായി അപേക്ഷിക്കേണ്ടത്. അംഗീകൃത എൻജിനിയർ സാക്ഷ്യപ്പെടുത്തിയ ചെലവിന്റെ വിവരം, വസ്തുവിന്റെ പ്ലാൻ, ലൊക്കേഷൻ മാപ്പ്, പാർക്ക് ഉൾപ്പെടുന്ന സ്ഥലം ആദ്യ 10 വർഷം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യില്ലെന്ന കരാർ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, പാട്ടഭൂമിയാണെങ്കിൽ ഭൂനികുതി രസീത് തുടങ്ങിയവ പരിശോധിച്ചായിരിക്കും അനുമതി നൽകുക. പകൽ മാത്രം പ്രവർത്തിക്കുന്ന പാർക്കുകൾക്കായും അപേക്ഷിക്കാം. ആദ്യത്തെ 10 യൂണിറ്റിന്‌ നിക്ഷേപത്തിന്റെ 10 ശതമാനമോ മൂന്നുലക്ഷമോ സബ്‌സിഡിയും ബാക്കിയുള്ളവയ്‌ക്ക് 10 ശതമാനമോ ഒരുലക്ഷമോ സബ്‌സിഡിയും ലഭിക്കും. വലിയ മുതൽമുടക്കിൽ തുടങ്ങുന്ന ആദ്യ 10 ആധുനിക പാർക്കിന്‌ നിക്ഷേപത്തിന്റെ 10 ശതമാനമോ അഞ്ചുലക്ഷം രൂപയോ സബ്‌സിഡിയായി നൽകും. ബാക്കിയുള്ള അപേക്ഷകർക്ക് നിക്ഷേപത്തിന്റെ 10 ശതമാനം തുകയോ രണ്ടുലക്ഷം രൂപയോ സബ്‌സിഡി നൽകും. ടൂറിസം മേഖലയിലെ ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപനത്തിലെ ജനപ്രതിനിധി തുടങ്ങിയവരുൾപ്പെട്ട ഏഴംഗസമിതി പരിശോധിച്ചായിരിക്കും സബ്‌സിഡി അനുവദിക്കുക. Read on deshabhimani.com

Related News