കിടപ്പുരോഗികൾക്ക് സേവനം വിരൽത്തുമ്പിൽ ; ‘കെയർ കേരള’ വെബ്‌സൈറ്റ് ഉടൻ
കോഴിക്കോട് കിടപ്പുരോഗികൾക്ക് ഏത് സേവനവും ഇനി ‘കെയർ കേരള’യിലൂടെ അതിവേഗം അരികിലെത്തും. സംസ്ഥാനത്തെ പാലിയേറ്റീവ് സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ആരോഗ്യ വകുപ്പാണ് വെബ്‌സൈറ്റ് ഒരുക്കുന്നത്. 2025 ജനുവരിയിൽ പ്രകാശിപ്പിക്കും. രജിസ്‌റ്റർ ചെയ്യുന്നവർക്കെല്ലാം പ്രാദേശിക കൂട്ടായ്‌മയുടെ പിന്തുണയിൽ സേവനം കാലതാമസമില്ലാതെ ലഭ്യമാക്കുകയാണ് ലക്ഷ്യം. പരിചരണം, മരുന്ന്, മെഡിക്കൽ ഉപകരണം തുടങ്ങി ഏത് സേവനവും വെബ്‌സൈറ്റിലൂടെ ആവശ്യപ്പെടാം. പാലിയേറ്റീവ് യൂണിറ്റ്, സന്നദ്ധ സംഘടന, വാർഡ് പ്രതിനിധി എന്നിവരിലേക്കും തത്സമയം ഈ സന്ദേശം എത്തും. രോഗികൾക്ക് ഭക്ഷണമുൾപ്പെടെ ഉറപ്പാക്കാനുമാകും. ഒരു പാലിയേറ്റീവ് യൂണിറ്റിൽ ഇല്ലാത്ത സേവനം തൊട്ടടുത്ത യൂണിറ്റിൽനിന്ന് ലഭ്യമാക്കാനുള്ള ക്രമീകരണം കാലതാമസമില്ലാതെ ഇതിലൂടെ നടത്താനാകും. വീൽ ചെയർ, വാക്കർ തുടങ്ങിയ സഹായ ഉപകരണങ്ങളെത്തിക്കാൻ സന്നദ്ധ പ്രവർത്തകരുടെ സാന്നിധ്യവും ഉറപ്പാക്കും. ആദ്യഘട്ടത്തിൽ കിടപ്പുരോഗികൾക്കാണ് കൂടുതൽ പരിഗണന. അടുത്തഘട്ടത്തിൽ രോഗത്താൽ പ്രയാസമനുഭവിക്കുന്ന മുഴുവൻ പേരിലേക്കും വ്യാപിപ്പിക്കും. പാലിയേറ്റീവ് യൂണിറ്റ് വഴി മുഴുവൻ കിടപ്പുരോഗികളെയും ഇതിൽ രജിസ്‌റ്റർ ചെയ്യും. മറ്റു വിഭാഗങ്ങളെ ബന്ധപ്പെട്ടവർ കണ്ടെത്തി അംഗങ്ങളാക്കണം. മൊബൈൽ ഫോണിലും ഉപയോഗിക്കാവുന്ന രീതിയിൽ എൻഎച്ച്‌എമ്മാണ് (നാഷണൽ ഹെൽത്ത് മിഷൻ) പദ്ധതി തയ്യാറാക്കിയത്. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും കേരള സ്‌റ്റാർട്ടപ്പ് മിഷനുമായി ചേർന്നാണ് വെബ്‌സൈറ്റ് ഒരുക്കിയത്. പൂർണരീതിയിൽ പ്രവർത്തനമാരംഭിക്കാൻ ആറുമാസമെടുക്കും. Read on deshabhimani.com