ബെയ്‌ലി, നിധി, ഹോപ്പ്‌: എമിയുടെ മക്കൾക്ക്‌ അതിജീവനപ്പേര്‌



ചൂരൽമല> ബെയ്‌ലി, നിധി, ഹോപ്പ്‌... എമിയുടെ മക്കൾക്ക്‌ അതിജീവനത്തിന്റെ പേരാണ്‌. സന്തോഷിന്റെ കുടുംബത്തോടൊപ്പംതന്നെ അവരുണ്ടാകും. ഉരുൾദുരന്തത്തിന്‌ മൂന്നുനാൾ മുമ്പാണ്‌ അട്ടമലയിലെ പരിയാരം സന്തോഷിന്റെ പേർഷ്യൻ പൂച്ച എമിക്ക്‌ മൂന്ന്‌ കുഞ്ഞുങ്ങൾ പിറന്നത്‌. പാലം തകർന്ന്‌ അട്ടമല ഒറ്റപ്പെട്ടതോടെ അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും കുടുംബം താമസിച്ച പാടിയിൽ ഒറ്റപ്പെട്ടു. ദുരന്തമെത്തിയപ്പോൾ കൈയിൽ കിട്ടിയതുമായി ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം ക്യാമ്പിലേക്ക്‌ മാറുകയായിരുന്നു.  എട്ടുദിവസം അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും അട്ടമലയിലെ പാടിയിൽ ആരോരുമില്ലാതെ കാത്തിരുന്നു. ഒരാഴ്‌ചക്ക്‌ ശേഷം ചൊവ്വാഴ്‌ചയാണ്‌ വീട്ടുകാരെത്തി ഇവരെ ബെയ്‌ലി പാലം കടത്തിയത്‌. ഉരുളിൽ ഒറ്റപ്പെട്ട ദേശങ്ങളെ വിളക്കിച്ചേർത്ത ബെയ്‌ലി പാലമാണ്‌ കുഞ്ഞുങ്ങളിൽ ഒന്നിന്‌ പേരായത്‌. ദുരിതാശ്വാസനിധിയിലൂടെ നാടിനെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തെ ഓർമിപ്പിക്കുകയാണ്‌ ‘നിധി’യെന്ന പേര്‌. നാടിന്റെ പ്രതീക്ഷകൾക്കൊപ്പം നിന്ന്‌ മൂന്നാമത്തെ കുഞ്ഞിന് ‘ഹോപ്പ്‌’ എന്നാണ്‌ പേര്‌.   പൂച്ചയും കുഞ്ഞുങ്ങളും ഒറ്റപ്പെട്ട വിവരം മൃഗസംരക്ഷണ വകുപ്പിനെ അറിച്ചിരുന്നു. പ്രത്യേക ഭക്ഷണവും പരിചരണവും വേണ്ടിയിരുന്ന എമിയ്‌ക്കും കുടുംബത്തിനും അവർ വേണ്ടതെല്ലാം നൽകി. കഴിഞ്ഞ ദിവസം ഒപ്പം കൂട്ടാൻ കഴിഞ്ഞതോടെ ആശ്വാസമായെന്നും സന്തോഷ്‌ പറഞ്ഞു. ഭാര്യ സുനന്ദയുടെ നെല്ലിമുണ്ടയിലെ വീട്ടിലാണ്‌ ഇപ്പോഴുള്ളത്‌. Read on deshabhimani.com

Related News