രാജ്യത്ത് ആദ്യം; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബ് യാഥാർത്ഥ്യത്തിലേക്ക്



തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാത്ത് ലാബുകൾ ഉടൻ തന്നെ സജ്ജമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ മെഡിക്കൽ കോളേജുകളും ജില്ലാ, ജനറൽ ആശുപത്രികളും ഉൾപ്പെടെ 13 ജില്ലകളിൽ കാത്ത് ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇടുക്കി ജില്ലയിലും കാത്ത് ലാബ് സജ്ജമാക്കുന്നതാണ്. ഇത് കൂടി യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും. ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിന് കീഴിൽ കാത്ത് ലാബ് സജ്ജമാക്കുക എന്നുളളതെന്നും മന്ത്രി വ്യക്തമാക്കി. സെപ്തംബർ 29 നാണ് ലോക ഹൃദയദിനമായി ആചരിക്കുന്നത്. ഹൃദയം കൊണ്ട് നമുക്ക് പ്രവർത്തിക്കാം (Use Heart for Action) എന്നതാണ് ഈ വർഷത്തെ സന്ദേശം. ഹൃദയാരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളാണ് രക്താതിമർദവും പ്രമേഹവും. ഇവ നിയന്ത്രിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലൂടെയും നടപ്പിലാക്കി വരുന്നു. സംസ്ഥാന സർക്കാരിന്റെ നൂതന പദ്ധതിയായ ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയിലൂടെ സമൂഹത്തിലുള്ള എല്ലാ വ്യക്തികളുടെയും ജീവിതശൈലി രോഗങ്ങൾ കുറച്ച് കൊണ്ടുവരാനുള്ള ഒരു സർവേ നടത്തിവരുന്നു. ശൈലി ആപ്ലിക്കേഷനിലൂടെ സർവേയുടെ ഒന്നാം ഘട്ടത്തിൽ ഒന്നര കോടിയിലധികം പേരേയും രണ്ടാംഘട്ടത്തിൽ 30 ലക്ഷത്തോളം പേരേയും സ്‌ക്രീനിങ്ങിന് വിധേയരാക്കാൻ സാധിച്ചു. പ്രമേഹം, രക്താതിമർദം തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യതയുള്ളവരെ മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്നു എന്നുള്ളതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഹൃദയം മാറ്റിവെക്കാൻ ശസ്ത്രക്രിയ, ഇന്റർവെൻഷണൽ കാർഡിയോളജി ഉൾപ്പെടെയുള്ള നൂതന ഹൃദയ ചികിത്സാരീതികൾ സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. ഹാർട്ട് ഫെയിലർ ക്ലിനിക്കുകൾ, ഹാർട്ട് വാൽവ് ബാങ്കുകൾ തുടങ്ങിയ നൂതന ആശയങ്ങൾ ആരോഗ്യവകുപ്പ് നടപ്പിലാക്കാൻ ലക്ഷ്യം വയ്ക്കുന്ന പദ്ധതികളാണ്. Read on deshabhimani.com

Related News