കേന്ദ്ര സ്‌ഫോടകവസ്‌തു നിയമം; പൂരം വെടിക്കെട്ട്‌ മുടക്കാൻ കേന്ദ്രസർക്കാർ



തൃശൂർ>കേന്ദ്ര സർക്കാർ സ്‌ഫോടകവസ്‌തു നിയമത്തിൽ വരുത്തിയ ഭേദഗതി പ്രാബല്യത്തിലായാൽ  തേക്കിൻകാട്‌ മൈതാനത്ത്‌ തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട്‌ മുടങ്ങും. വെടിക്കെട്ട്‌ പുരയിൽനിന്ന്‌ 200 മീറ്റർ അകലെയാകണം വെടിക്കെട്ട്‌ നടത്താനെന്നാണ്‌ പ്രധാന ഭേദഗതി. ഇതനുസരിച്ച്‌ സ്വരാജ്‌ റൗണ്ടിൽപ്പോലും വെടിക്കെട്ട്‌ നടക്കില്ല. കഴിഞ്ഞ 11ന്‌ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇറക്കിയ അസാധാരണ വിജ്ഞാപനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. 2008ൽ നിലവിൽവന്ന നിയമപ്രകാരം ഇത്‌ 45 മീറ്ററായിരുന്നു. അനാവശ്യമായും യുക്തിയില്ലാത്തതുമായ തീരുമാനമാണ്‌ പുതിയതെന്ന്‌ വ്യക്തം. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം തൃശൂർ പൂരം വെടിക്കെട്ട്‌ തന്നെ ഇല്ലാതാക്കുമെന്ന്‌ മന്ത്രി കെ രാജൻ പ്രതികരിച്ചു. പൂരം വെടിക്കെട്ടിന്‌ 100 മീറ്റർ ദൂരെ കാണികളെ അനുവദിച്ചിരുന്നു. 145 മീറ്റർ അകലെ നിൽക്കൽതന്നെ ഇപ്പോൾ പ്രയാസം. ഇനി അതും പറ്റില്ല. വെടിക്കെട്ട്‌ പുരയിൽനിന്ന്‌ 300 മീറ്റർ അകലെ നിൽക്കണം. അങ്ങനെയെങ്കിൽ തേക്കിൻകാട്‌ മൈതാനവും സ്വരാജ്‌ റൗണ്ടും കടന്ന്‌ കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിന്‌ സമീപമോ എംജി റോഡിൽ കോട്ടപ്പുറം പാലത്തിന്‌ സമീപമോ നിൽക്കേണ്ടി വരും. നിറയെ കെട്ടിടങ്ങളുള്ള ഇവിടങ്ങളിൽനിന്ന്‌ വെടിക്കെട്ട്‌ കാണൽ അസാധ്യം. മാത്രമല്ല വെടിക്കെട്ടിനും പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും. ഇതും അപ്രായോഗികം. ഇത്തവണ പൂരത്തിന്‌ കേന്ദ്ര നിയമപ്രകാരം 100 മീറ്റർ അകലെനിന്ന്‌  വെടിക്കെട്ട്‌ കാണുന്നത്‌ സംബന്ധിച്ചുള്ള തർക്കമാണ്‌ പ്രശ്‌നമായത്‌. 100 മീറ്റർ ദൂരപരിധി 60 മീറ്ററാക്കി കുറയ്‌ക്കുമെന്ന്‌ കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി പ്രഖ്യാപിച്ചിരുന്നു. Read on deshabhimani.com

Related News