പുരസ്കാര തിളക്കവുമായി കേരള ടൂറിസം; കടലുണ്ടിയും കുമരകവും രാജ്യത്തെ മികച്ച ടൂറിസം വില്ലേജ്



തിരുവനന്തപുരം> ലോകടൂറിസം ദിനത്തിൽ ഇരട്ട പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സർക്കാരിൻറെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡിലാണ് കേരളത്തിന്റെ പുരസ്കാര നേട്ടം. ഉത്തരവാദിത്ത ടൂറിസം മിഷൻറെ മികവുറ്റ പദ്ധതികളാണ് കേരളത്തെ പുരസ്കാരത്തിന് അർഹമാക്കിയത്. ഉത്തരവാദിത്ത മിഷൻ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയ കടലുണ്ടി, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകൾക്കാണ് പുരസ്കാരം. കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്പോൺസിബിൾ ടൂറിസം വില്ലേജ് അവാർഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷൻറെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ കാന്തല്ലൂരിന് സുവർണ്ണ പുരസ്കാരം ലഭിച്ചിരുന്നു. ന്യൂഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിൻറെ സാന്നിദ്ധ്യത്തിൽ കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്  ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനുഷ വി വി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. കടലുണ്ടിയെ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷൻ ആക്കുന്നതിനുള്ള ആർ ടി മിഷൻറെ  പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ വിഭാഗത്തിൽ കടലുണ്ടിയെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡിന് തെരഞ്ഞെടുത്തത്. കാർഷിക പ്രവർത്തനങ്ങൾക്ക് വിഘാതമേൽപ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് പുരസ്കാരം.   കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി കടലുണ്ടി ഗ്രാമ പഞ്ചായത്തുമായി ചേർന്നാണ് സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കുന്നത്. കുമരകം ഗ്രാമ പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസത്തിലധിഷ്ഠിതമായ കാർഷിക വിനോദ സഞ്ചാര പ്രവർത്തനങ്ങളുമായാണ് ആർടി മിഷൻ മുന്നോട്ട് പോകുന്നത്. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വിധത്തിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം ഒരു വിജയകരമായ മാതൃക സൃഷ്ടിച്ചുവെന്നതിന് ഈ പുരസ്കാരങ്ങൾ തെളിവാണെന്നും ഇപ്പോൾ അതിന് കൂടുതൽ പ്രസക്തിയുണ്ടെന്നും സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിൻറെയും ആർടി മിഷൻ സൊസൈറ്റിയുടെയും കൃത്യമായ ആസൂത്രണത്തിൻറെ ഭാഗമായി പ്രാദേശിക സമൂഹത്തിൻറെ സജീവ പങ്കാളിത്തത്തോടെ കേന്ദ്രീകൃത പദ്ധതികൾ നടപ്പിലാക്കിയതിലൂടെയാണ് കേരളത്തിന് ഈ പുരസ്കാരങ്ങൾ ലഭിച്ചതെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചതു മുതൽ കേരളത്തിൻറെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ആർടി പദ്ധതികൾ വളരെയധികം സംഭാവന ചെയ്തിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്തവും ധാർമ്മികവും സമഗ്രവുമായ വികസന മാതൃകകൾ സൃഷ്ടിക്കുന്നിടത്താണ് ഇതിൻറെ പ്രസക്തിയെന്നും അവർ കൂട്ടിച്ചേർത്തു. ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായാണ് കടലുണ്ടി പഞ്ചായത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കടലുണ്ടിയെ കേരളത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രീൻ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന് വേണ്ടിയുള്ള പദ്ധതികളും സജീവമാണ്. സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിൽ ഒന്നാണ് കടലുണ്ടി. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്പെഷ്യൽ ടൂറിസം ഗ്രാമസഭ ശ്രദ്ധേയമായിരുന്നു. വിനോദസഞ്ചാരികൾക്കായുള്ള വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകളുടെ ഭാഗമായി തദ്ദേശീയ ഭക്ഷണം, കൃഷി, കണ്ടൽക്കാട്ടിലൂടെയുള്ള തോന്നി യാത്ര, പാരമ്പര്യ കൈത്തൊഴിലുകൾ എന്നിവ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിലൂടെ പ്രാദേശിക സമൂഹത്തിൻറെ വരുമാനം വർദ്ധിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. മൂന്നാം ഘട്ടത്തിലെ പ്രധാന പ്രവർത്തനമായ ഗ്രീൻ ഡെസ്റ്റിനേഷൻ പ്രോട്ടോകോൾ പദ്ധതിയിലൂടെ പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും പ്രാധാന്യം നൽകി. കടലുണ്ടിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്കായുള്ള വൺ ടൂറിസ്റ്റ് വൺ ട്രീ ക്യാമ്പയിനിലൂടെ കടലുണ്ടിയിൽ പച്ചപ്പ് നിലനിർത്താനായി. കടലുണ്ടിയിലെ ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട് തോണി തുഴയുന്നവർ, ഹോം സ്റ്റേ നടത്തുന്നവർ, ഫുഡ് യൂണിറ്റുകൾ, ഓട്ടോ തൊഴിലാളികൾ, കരകൗശല വസ്തുക്കൾ വിപണനം ചെയ്യുന്നവർ, ടൂർ ഗൈഡുകൾ എന്നിവർക്ക്  പരിശീലനം നൽകിക്കൊണ്ട് അവരെ ഈ പ്രോട്ടോകോളിൻറെ ഭാഗമാക്കി. വില്ലേജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റുകളും, ആർട്ട് സ്ട്രീറ്റുകളും, കയർപ്പിരി, ഓലമെടൽ, കള്ളു ചെത്ത് തുടങ്ങിയ പാരമ്പര്യ തൊഴിലുകളെ ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്തുന്ന സംരംഭങ്ങളും കടലുണ്ടിയിൽ നടപ്പിലാക്കി വരുന്നു. ഫിഷിങ് സ്ട്രീറ്റ്, കൾച്ചറൽ സർക്യൂട്ട്, വാട്ടർ സ്ട്രീറ്റ് തുടങ്ങിയ പദ്ധതികളും ഇതിനോടകം ആരംഭിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വർഷം 26 രാജ്യങ്ങളിലെ ബ്ലോഗർമാർ കടലുണ്ടി സന്ദർശിക്കുകയും തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത പരിശീലനങ്ങളായ തുണിസഞ്ചി, പേപ്പർബാഗ്, വിത്ത് പേന, ഗ്രീൻ ഡെസ്റ്റിനേഷൻ പ്രോട്ടോകോൾ എന്നിവയിലൂടെ 300-ലേറെ ആളുകൾക്ക് പരിശീലനം പൂർത്തിയാക്കി. ടൂറിസ്റ്റുകൾക്ക് കുക്കിംഗ് എക്സ്പീരിയൻസ് നൽകിക്കൊണ്ട് ഭക്ഷണം ആസ്വദിക്കാൻ അവസരം നൽകുന്ന എക്സ്പീരിയൻസ് എത്നിക് ക്യൂസീൻ യൂണിറ്റുകളും കടലുണ്ടിയിലുണ്ട്. ഇന്ത്യയിൽ ആദ്യം ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ച സ്ഥലമാണ് കുമരകം. ലോകം ശ്രദ്ധിച്ച കേരള മോഡൽ റെസ്പോൺസിബിൾ ടൂറിസത്തിൻറെ എല്ലാ മാതൃകകളും കുമരകത്തിൻറെ സംഭാവനയാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിൻറെയും പരിസ്ഥിതി സംരക്ഷണത്തിൻറെയും സ്ത്രീ ശാക്തീകരണത്തിൻറെയും ഉപാധിയായി ഉത്തരവാദിത്ത ടൂറിസത്തെ മാറ്റാമെന്ന് തെളിയിച്ച നാടാണ് കുമരകം. കാർഷിക പ്രവർത്തനങ്ങളെ ടൂറിസ്റ്റുകൾക്ക് ആസ്വാദ്യകരമാക്കിയ ഫാമിങ്ങ് എക്സ്പീരിയൻസ്, ഫിഷിങ്ങ് എക്സ്പീരിയൻസ്, എ ഡേ വിത്ത് ഫാർമർ തുടങ്ങി നിരവധി അനുഭവവേദ്യ ടൂർ പാക്കേജുകൾ കുമരകത്ത് നടന്ന് വരുന്നു. ഗ്രാമീണ ടൂറിസം പാക്കേജുകളാണ് മറ്റൊരു പ്രധാന ആകർഷണം. കാർഷിക ഉത്പന്നങ്ങളുടെ വിപണനം റിസോർട്ടുകളുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്നതും കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ പ്രത്യേകതയാണ്. പാട ശേഖരത്തിലൂടെ നടത്തം മുതൽ എല്ലാ കാർഷിക പ്രവർത്തനങ്ങളും ടൂർ പാക്കേജിൻറെ ഭാഗമാകുന്നതും കുമരകത്തിൻറെ പ്രത്യേകതയാണ്. Read on deshabhimani.com

Related News