ചടയൻദിനം ആചരിക്കുക



തിരുവനന്തപുരം ചടയൻ ഗോവിന്ദന്റെ 25–-ാം ചരമവാർഷിക ദിനം ശനിയാഴ്ച ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. 1998ൽ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കവെയാണ് ചടയൻ അന്തരിച്ചത്. അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചാണ് രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങുന്നത്. 1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1985ൽ സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി. എല്ലാവിധ വ്യതിയാനങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. പാർടിയെയും വർഗപ്രസ്ഥാനങ്ങളെയും മുന്നോട്ടുനയിക്കുന്നതിന് ജീവിതത്തിലുടനീളം പരിശ്രമിച്ചു. പാർലമെന്ററി രംഗത്തും സജീവമായി ഇടപെട്ടു. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾതന്നെ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മതനിരപേക്ഷതയും ഫെഡറൽ സംവിധാനവുമുൾപ്പെടെ അട്ടിമറിക്കപ്പെടുന്നു. ജനങ്ങളെ വർഗീയമായി ചേരിതിരിക്കാൻ എല്ലാവിധ ശ്രമവും നടക്കുന്നു. മണിപ്പുരിലും ഹരിയാനയിലുമടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയകലാപങ്ങൾ അരങ്ങേറുന്നു. കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന സാമ്പത്തികനയങ്ങൾ ജനജീവിതം ദുഷ്കരമാക്കി. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബദലുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ്. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ വലതുപക്ഷ ശക്തികളും ബിജെപിയും തുടരുന്നു. ഈ സാഹചര്യത്തിൽ ജനകീയ താൽപ്പര്യം സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് ചടയൻ ഗോവിന്ദന്റെ ഓർമ കരുത്തു പകരും. പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങൾ നടത്തിയും ചടയൻദിനം ആചരിക്കണമെന്ന്  പ്രസ്താവനയിൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News