ചടയൻദിനം 
ആചരിക്കുക



തിരുവനന്തപുരം ചടയൻ ഗോവിന്ദന്റെ 26–ാം ചരമവാർഷിക ദിനം തിങ്കളാഴ്ച ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. 1998ൽ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കവെയാണ് ചടയൻ ഗോവിന്ദൻ അന്തരിച്ചത്. അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചാണ്‌ അദ്ദേഹം രാഷ്‌ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. 1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ 1979 ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1985ൽ സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി. എല്ലാവിധ വ്യതിയാനങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. പാർടിയെയും വർഗപ്രസ്ഥാനങ്ങളെയും മുന്നോട്ടു നയിക്കുന്നതിന് ജീവിതത്തിലുടനീളം പരിശ്രമിച്ചു. പാർലമെന്ററി രംഗത്തും സജീവമായി ഇടപെട്ടു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ വെല്ലുവിളിച്ചാണ് ബിജെപി നേതൃത്വത്തിലുള്ള മൂന്നാം മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത്. കോർപറേറ്റുകൾക്കുവേണ്ടി ഭരണം നടത്തുന്ന ബിജെപി രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. കർഷകരും തൊഴിലാളികളും ഇടത്തരക്കാരും ജീവനക്കാരുമെല്ലാം ദുരിതത്തിലാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളെ വർഗീയമായി ചേരിതിരിക്കാൻ എല്ലാവിധ ശ്രമവും നടക്കുന്നു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബദലുയർത്തുന്ന കേരള സർക്കാരിനെ  ദുർബലപ്പെടുത്താനുള്ള ശ്രമവും തുടരുന്നു. ഈ സാഹചര്യത്തിൽ ജനകീയ താൽപ്പര്യം സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് ചടയൻ ഗോവിന്ദന്റെ ഓർമ കരുത്തു പകരും. പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങൾ നടത്തിയും ചടയൻദിനം ആചരിക്കണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News