അനുസ്മരണത്തിന് പിന്നാലെ ചാണ്ടിക്കെതിരെ പടയൊരുക്കം



തിരുവനന്തപുരം ഉമ്മൻചാണ്ടി അനുസ്മരണ പരിപാടികൾക്ക്‌ പിന്നാലെ കോൺഗ്രസിൽ ചാണ്ടി ഉമ്മനെതിരെ പടയൊരുക്കം. ഉമ്മൻചാണ്ടി അസുഖ ബാധിതനായിരിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടൽ തുറന്നുപറഞ്ഞതിന്റെ പേരിൽ ചാണ്ടി ഉമ്മനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ്‌ നടക്കുന്നത്‌. ഇക്കാര്യം പാർടിയിൽ ചർച്ചയാക്കാനും ഒരു വിഭാഗം ലക്ഷ്യമിടുന്നുണ്ട്‌. അതേസമയം, ഉമ്മൻചാണ്ടിക്ക്‌ കോൺഗ്രസിനുള്ളിൽനിന്നും യുഡിഎഫിൽ നിന്നുമേൽക്കേണ്ടിവന്ന ദുരനുഭവങ്ങൾ ചർച്ചയാക്കാനുള്ള നീക്കം ചാണ്ടി ഉമ്മനും നടത്തുന്നുണ്ട്‌.     ഒരാളെ തിരിച്ചറിയുന്നത്‌ ബുദ്ധിമുട്ട്‌ നേരിടുന്ന സമയത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടലിനെക്കുറിച്ച്‌ കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ പറഞ്ഞത്‌. രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും വ്യക്തിപരമായ സൗഹൃദത്തെക്കുറിച്ചും ചാണ്ടി പറഞ്ഞു. ഇതേച്ചൊല്ലി ചാണ്ടി ഉമ്മനെ ക്രൂശിക്കാനുള്ള നീക്കമാണ്‌ കോൺഗ്രസിനുള്ളിൽ നടക്കുന്നത്‌. കോൺഗ്രസ്‌ അനുകൂലിയായ മുതിർന്ന അഭിഭാഷകൻ ജോർജ്‌ പൂന്തോട്ടം ചാണ്ടി ഉമ്മന്‌ ഇക്കാര്യത്തിൽ തുറന്ന കത്തെഴുതി. ഒരു വിഭാഗം നേതാക്കളുടെ നാവാണ്‌ അദ്ദേഹത്തിന്റെ കത്തിലെന്നാണ്‌ ചാണ്ടി ഉമ്മനെ പിന്തുണയ്‌ക്കുന്നവർ കരുതുന്നത്‌.   സോളാർ കാലത്ത്‌, അടുപ്പമുണ്ടായിരുന്ന പലരും ഒപ്പമുണ്ടായില്ലെന്ന മറിയാമ്മ ഉമ്മന്റെ പ്രസ്താവനയും പല കോൺഗ്രസ്‌ നേതാക്കളെയും ലക്ഷ്യമിട്ടാണ്‌. Read on deshabhimani.com

Related News