മുഖം മിനുക്കി ചങ്ങമ്പുഴ പാർക്ക്: മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും



കൊച്ചി > മുഖം മിനുക്കി കൊച്ചിയിലെ ചങ്ങമ്പുഴ പാർക്ക്. ‌വിശാല കൊച്ചി വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ നവീകരിച്ച പാർക്ക് ഇന്ന് വൈകിട്ട് 5.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. ഓഡിറ്റോറിയവും ആംഫി തിയറ്ററും ഉൾപ്പെടെ പുതുമോടിയിലാണ്‌.  നാനൂറിലധികം പേരെ ഉൾക്കൊള്ളൻ കഴിയും വിധമാണ്‌ സൗണ്ട്‌ പ്രൂഫായി ഓഡിറ്റോറിയം വിപുലീകരിച്ചത്‌. സ്‌റ്റേജിന്റെ ഉയരവും കൂട്ടി. ഫോട്ടോഗാലറിയുമുണ്ട്‌. പ്രധാനമായും എറണാകുളം ജില്ലയിലെ സാഹിത്യപ്രതിഭകളെ പരിചയപ്പെടുത്തുന്നതാണ്‌ ഗാലറി. ആംഫി തിയറ്ററിൽ നൂറിനടുത്ത്‌ പേർക്ക്‌ ഇരിക്കാം. സ്‌റ്റേജിന്റെ പിൻഭാഗത്ത്‌ വാട്ടർ ഫൗണ്ടനും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ജിമ്മും മനോഹരമായ നടപ്പാതകളും കളിസ്ഥലങ്ങളുമൊക്കെ പാർക്കിന്റെ മുഖച്ഛായ തന്നെ മാറ്റി. ശുചിമുറി സമുച്ചയം, കൂടുതൽ ഇരിപ്പിടങ്ങൾ, ഡ്രെയിനേജ്‌ സംവിധാനം എന്നിവയും ഒരുക്കയിട്ടുണ്ട്‌. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആർകിടെക്ടാണ്‌ നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്‌. ഭിന്നശേഷി–വയോജന സൗഹൃദമാണ്‌ നിർമിതികൾ എല്ലാം. ഇവർക്ക്‌ അനായാസമായി എത്താൻ റാമ്പുകൾ സജ്ജമാക്കി. എട്ട്‌ ശുചിമുറികളിൽ രണ്ടെണ്ണം ഭിന്നശേഷിക്കാർക്കുള്ളതാണ്‌. നിലവിലുള്ളതിന്‌ പുറമേയാണ്‌ 50 ഗ്രാനൈറ്റ്‌ ബഞ്ചുകൾകൂടി നിർമിച്ചത്‌. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ പാർക്ക്‌ റോഡ്‌ നിരപ്പിലേക്ക്‌ ഉയർത്തി. 4.24 കോടിയുടെ സിഎസ്‌എംഎൽ സാമ്പത്തിക സഹകരണത്തോടെയാണ്‌ പാർക്ക്‌ നവീകരിച്ചത്‌. മലയാളികളുടെ എക്കാലത്തെയും പ്രിയ കവിയായ ചങ്ങമ്പുഴയുടെ ജീവചരിത്രം ഓഡിറ്റോറിയത്തിനോട്‌ ചേർന്ന ചുമരിൽ ആലേഖനം ചെയ്യും. അദ്ദേഹത്തിന്റെ സർഗചാരുത നിറഞ്ഞ കവിതകളിലെ വരികളും കൊത്തിവയ്‌ക്കും. വരുംതലമുറയ്‌ക്ക്‌ കൂടി കവിയെ പരിചയപ്പെടത്താൻ ലക്ഷ്യമിട്ടാണിത്. Read on deshabhimani.com

Related News