ചേലക്കര ഉപതെരഞ്ഞെടുപ്പ്‌ ; എതിർപ്പ്‌ ശക്തം , കെ മുരളീധരൻ പ്രചാരണത്തിനില്ല



ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വത്തിൽ പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കും അസംതൃപ്‌തി. മുമ്പ്‌ സ്ഥാനാർഥിയായിരുന്ന കെ എ തുളസി സ്ഥാനാർഥിയാകുമെന്നാണ്‌ കരുതിയിരുന്നത്‌. ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ കെ വി ദാസന്റെ പേരും ഉയർന്നിരുന്നു. പൂർണ മനസ്സോടെയല്ല ചേലക്കരയിലെ നേതാക്കളും പ്രവർത്തകരും രമ്യ ഹരിദാസിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തെ സ്വീകരിച്ചത്‌. എംപി ആയിരിക്കെ പ്രകടനം മോശമായിരുന്നു.  ബിജെപിക്ക്‌ വോട്ട്‌ മറിച്ച്‌ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ കെ മുരളീധരനെ മൂന്നാംസ്ഥാനത്താക്കിയതിൽ ആരോപണം നേരിടുന്ന കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ ടി എൻ പ്രതാപൻ, മുൻ ഡിസിസി പ്രസിഡന്റ്‌ ജോസ്‌ വള്ളൂർ എന്നിവരുടെ പിന്തുണ രമ്യക്കാണ്‌. ഇവർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്ത കെപിസിസി സമിതിയുടെ റിപ്പോർട്ട്‌ മാസങ്ങളായിട്ടും പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഫലം വന്നയുടൻ രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിച്ചെന്ന്‌ പ്രഖ്യാപിച്ച്‌ തൃശൂർവിട്ടതാണ്‌ കെ മുരളീധരൻ. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ കെപിസിസി വൈകുന്നതിൽ അദ്ദേഹം പ്രതിഷേധത്തിലാണ്‌. വയനാട്‌ ഒഴിച്ചുള്ളിടത്തൊന്നും പ്രചാരണത്തിനിറങ്ങില്ലെന്ന്‌ മുരളി നേരത്തേ പ്രഖ്യാപിച്ചതാണ്‌. പാലക്കാട്‌ മത്സരിക്കാൻ മുരളീധരനോട്‌ കെപിസിസി പ്രസിഡന്റ്‌ ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം വന്നപ്പോൾ വി ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും നോമിനിയായി രാഹുൽ മാങ്കൂട്ടത്തിലെത്തി. കഴിഞ്ഞ ദിവസം തേഞ്ഞിപ്പലത്ത്‌ നടത്തിയ പ്രസംഗത്തിൽ മുരളീധരൻ  ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പാലക്കാട്ട്‌ തെരഞ്ഞെടുപ്പ്‌ വരുമ്പോൾ തന്നെ ഓർക്കാറില്ലെന്നും നേമം വരുമ്പോൾ ഓർക്കുമെന്നുമാണ്‌ മുരളീധരൻ പറഞ്ഞത്‌.   Read on deshabhimani.com

Related News