ചരിത്രമാവർത്തിക്കാൻ ചേലക്കരയൊരുങ്ങി
തൃശൂർ തുടർച്ചയായി ആറുതവണയും എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ച ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലും ചരിത്രം ആവർത്തിക്കാൻ തയ്യാറെടുക്കുന്നു. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഗുണഫലങ്ങൾ നേരിട്ടറിഞ്ഞ ചേലക്കരയിലെ ജനങ്ങൾ ഇത്തവണയും എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ചേലക്കര മണ്ഡലത്തിൽ എൽഡിഎഎഫിനായിരുന്നു ഭൂരിപക്ഷം. കേന്ദ്ര ഏജൻസികളും ബിജെപിയും അവരോടൊപ്പം ചേർന്ന് കോൺഗ്രസും കള്ളപ്രചാരണങ്ങൾ കെട്ടഴിച്ചുവിട്ടപ്പോഴും എൽഡിഎഫ് തലയുയർത്തിനിന്നു. ഇക്കുറിയും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു. പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. എൽഡിഎഫ് എല്ലാ ഒരുക്കങ്ങളും നേരത്തേ പൂർത്തിയാക്കി. 177 ബൂത്ത് കമ്മിറ്റികളും 22 മേഖലാ കമ്മിറ്റികളും രൂപീകരിച്ചു. സ്ഥാനാർഥി പ്രഖ്യാപനവും ഉടനുണ്ടാകും. 1996ൽ കെ രാധാകൃഷ്ണൻ ജയിച്ചശേഷം എൽഡിഎഫിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 2001ലും 2006ലും 2011ലും രാധാകൃഷ്ണൻ കൂടുതൽ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തി. 2016ൽ യു ആർ പ്രദീപ് കന്നി മത്സരത്തിൽ ഉജ്വല വിജയം നേടി. 2021ൽ വീണ്ടും കെ രാധാകൃഷ്‌ണൻ 39,400 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. എൽഡിഎഫിന് 83,415 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിന് ലഭിച്ചത് 44,015. 54.41 ശതമാനം വോട്ടും എൽഡിഎഫ് നേടി. കെ രാധാകൃഷ്‌ണൻ ആലത്തൂരിൽനിന്ന് ലോക് സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1965ലാണ് മണ്ഡലം രൂപീകൃതമായത്. 1965, 70, 77, 80 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ കെ കെ ബാലകൃഷ്ണനാണ് വിജയിച്ചത്. 1967ൽ പി കുഞ്ഞനും (സിപിഐ എം), 82 ൽ സി കെ ചക്രപാണിയും (സിപിഐ എം) വിജയിച്ചപ്പോൾ 87ൽ ഡോ. എം എ കുട്ടപ്പനും (കോൺഗ്രസ്) 91ൽ എം പി താമിയും (കോൺഗ്രസ്) ജയിച്ചു. ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. Read on deshabhimani.com