ചേലക്കര, വയനാട്‌ ഉപതെരഞ്ഞെടുപ്പ്‌ ഇന്ന്‌ ; പോളിങ്‌ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെ

ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ തെരഞ്ഞെടുപ്പ് സാമഗ്രികൾ 
ഏറ്റുവാങ്ങി പോളിങ്‌ ബൂത്തുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥർ ഫോട്ടോ: ജഗത്‌ലാൽ


  തിരുവനന്തപുരം വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും  ഉപതരഞ്ഞെടുപ്പ്‌ ബുധനാഴ്ച നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ പോളിങ്‌.  ചേലക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപ്‌ രാവിലെ ഏഴിന്‌ കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്‌കൂളിലെ 25–-ാം നമ്പർ ബൂത്തിൽ വോട്ട്‌ ചെയ്യും. കെ രാധാകൃഷ്‌ണൻ എംപി രാവിലെ എട്ടിന് തോന്നൂർക്കര എയുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‌ മണ്ഡലത്തിൽ വോട്ടില്ല.  ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്‌ണന്‌ പാമ്പാടി സ്‌കൂളിലെ 116–--ാം നമ്പർ ബൂത്തിലാണ്‌ വോട്ട്. ചേലക്കരയിൽ 2,13,103 വോട്ടർമാരാണ്‌ ഉള്ളത്‌. വയനാട്ടിലെ എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരിക്കും യുഡിഎഫ്‌, ബിജെപി സ്ഥാനാർഥികൾക്കും മണ്ഡലത്തിൽ വോട്ടില്ല. ആകെ വോട്ടർമാർ 14,71,742. പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും നാടൊന്നാകെ ഒപ്പം അണിനിരന്നതിന്റെ ആത്മവിശ്വാസത്തിലാണ്‌ എൽഡിഎഫ്‌. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ 20നാണ്.   സാഹചര്യം എൽഡിഎഫിന്‌ അനുകൂലം : എം വി ഗോവിന്ദൻ ചേലക്കര, പാലക്കാട്‌, വയനാട്‌ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ഏറെ അനുകൂലമായ അന്തരീക്ഷമാണുള്ളതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന്റെയും ബിജെപിയുടെയും ഒട്ടേറെ വോട്ട്‌  എൽഡിഎഫിന്‌ കിട്ടും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽനിന്ന് തിരിച്ചുവരും. പാലക്കാട്ട്‌ കഴിഞ്ഞതവണ ഷാഫി പറമ്പിലിന്‌ കിട്ടിയ മതനിരപേക്ഷ വോട്ടുകൾ ഇക്കുറി ഡോ. പി സരിന്‌ ലഭിക്കും–- അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News