ചേര്‍ത്തല മെഗാഫുഡ്‌ പാർക്ക്‌ തയാർ; സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ പരിപാടി

ചേര്‍ത്തലയിലെ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ മെഗാ ഫുഡ് പാര്‍ക്ക്‌


ആലപ്പുഴ > കേരളത്തിന്റെ വ്യവസായ വികസനത്തിന് കൂടുതല്‍ ഊര്‍ജം പകര്‍ന്ന് ചേര്‍ത്തല മെഗാ ഫുഡ് പാര്‍ക്ക് ഉദ്ഘാടനത്തിന് സജ്ജം. സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഭക്ഷ്യമന്ത്രി പശുപതി കുമാര്‍ പരശ് എന്നിവര്‍ മെഗാഫുഡ് പാര്‍ക്ക് 11ന് രാവിലെ 10.30ന് ചേര്‍ത്തല പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രി പി പ്രസാദ് മുഖ്യാതിഥിയാകും.   പള്ളിപ്പുറത്തെ കെഎസ്ഐഡിസിയുടെ വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ 84.05 ഏക്കറില്‍ 128.49 കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക് സ്ഥാപിച്ചത്. പാര്‍ക്കിന്റെ ഒന്നാം ഘട്ടമായ 68 ഏക്കര്‍ പൂര്‍ണമായും ഉദ്ഘാടനത്തിന് സജ്ജമാണ്.  68 ഏക്കറില്‍ റോഡ്, വൈദ്യുതി,  ഓടകള്‍, ജലവിതരണ സംവിധാനം, ചുറ്റുമതില്‍, ഗേറ്റ്, സെക്യൂരിറ്റി ക്യാബിന്‍ മുതലായ അടിസ്ഥാന സൗകര്യങ്ങളും, സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കോമണ്‍ ഫെസിലിറ്റി സെന്റര്‍, വെയര്‍ ഹൗസ് ഉള്‍പ്പെടെയുള്ള പ്രോസസിങ് ഫെസിലിറ്റികളുടെയും നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.  ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ ശാലകള്‍ക്ക്  അനുവദിക്കാനുള്ള 55.27 ഏക്കറില്‍  രജിസ്‌റ്റർചെയ്‌ത 31 യൂണിറ്റുകളിൽ 12 എണ്ണം പ്രവർത്തനം തുടങ്ങി. ഇതുവരെ 600 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പാര്‍ക്ക് കേരളത്തിലെ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരും.   പാര്‍ക്കിലെ യൂണിറ്റുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 1000 കോടിയുടെ നിക്ഷേപവും 3000 ത്തോളം തൊഴിലവസരങ്ങളുമാണ് ഉണ്ടാകുക. മലിനജല സംസ്‌ക്കരണ ശാലയും കോള്‍ഡ് സ്റ്റോര്‍, ഡീപ്ഫ്രീസര്‍, ഡിബോണിങ് യൂണിറ്റ് എന്നിവ നിര്‍മാണം പൂര്‍ത്തീകരിക്കാൻ  ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ഏജന്‍സിയെ നിയമിച്ചിട്ടുണ്ട്. വൈപ്പിന്‍, തോപ്പുംപടി, മുനമ്പം പ്രാഥമിക സംസ്‌ക്കരണ ശാലകളിൽ വൈപ്പിന്‍, തോപ്പുംപടി സംസ്‌കരണശാലകളുടെ നിര്‍മാണം തുടങ്ങി. പാര്‍ക്കിന്റെ രണ്ടാം ഘട്ടത്തില്‍ 16 ഏക്കറിലെ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുകയാണ്.   മെഗാഫുഡ് പാര്‍ക്കിന്റെ പദ്ധതി അടങ്കല്‍ തുക 128.49 കോടിയാണ്. 50 കോടി രൂപ കേന്ദ്രസഹായവും 72.49 കോടി സംസ്ഥാന സര്‍ക്കാരും ആറ് കോടി ലോണുമാണ്. പദ്ധതിക്ക് ഇതുവരെ 100.84 കോടിയാണ് ചെലവഴിച്ചത്. മത്സ്യ- അനുബന്ധ തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കും. 2017 ജൂണ്‍ 11നാണ് നിർമാണം ആരംഭിച്ചത്‌. Read on deshabhimani.com

Related News