കണ്ണീർക്കണങ്ങളിൽ മഴവില്ല് വിരിയിയ്ക്കുന്ന ഇന്ദ്രജാലം ; ചെറുകാട് പുരസ്‌കാരം 
ഇന്ദ്രൻസിന്റെ ഇന്ദ്രധനുസിന്‌



പെരിന്തൽമണ്ണ (മലപ്പുറം) ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്‌കാരം നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ ഇന്ദ്രധനുസിന്‌. അമ്പതോളം ആത്മകഥ/ ജീവചരിത്ര രചനകളിൽനിന്ന് അവാർഡ് നിർണയസമിതി ഏകകണ്ഠമായാണ്‌ "ഇന്ദ്രധനുസ്‌’ തെരഞ്ഞെടുത്തതെന്ന്‌ ട്രസ്‌റ്റ്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരിന്തൽമണ്ണ അർബൻ ബാങ്ക്‌ നൽകുന്ന 50,000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. ചെറുകാടിന്റെ ആത്മകഥ "ജീവിതപ്പാതയ്ക്ക്' അരനൂറ്റാണ്ട്  പൂർത്തിയാവുന്ന ഘട്ടത്തിലാണ് ഈ വർഷത്തെ പുരസ്‌കാരം ആത്മകഥയ്ക്ക് നൽകാൻ തീരുമാനിച്ചത്. കണ്ണീർക്കണങ്ങളിൽ മഴവില്ല് വിരിയിയ്ക്കുന്ന ഇന്ദ്രജാലമാണ് ആത്മകഥാരചനയിൽ ഇന്ദ്രൻസ് പ്രകടിപ്പിയ്ക്കുന്നതെന്ന് കഥാകൃത്ത് അശോകൻ ചരുവിൽ, ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ, കവി ഒ പി സുരേഷ് എന്നിവരടങ്ങിയ സമിതി വിലയിരുത്തി. 28ന് പെരിന്തൽമണ്ണ ടൗൺ സ്ക്വയറിൽ നടക്കുന്ന ചെറുകാട് അനുസ്മരണത്തിൽ മന്ത്രി എം ബി രാജേഷ് പുരസ്‌കാരം സമ്മാനിക്കും. ജീവിതപ്പാതയുടെ അമ്പതാം വാർഷികം മുൻ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. കവി പി എൻ ഗോപീകൃഷ്ണൻ ചെറുകാട് സ്‌മാരക പ്രഭാഷണം നടത്തും. ജീവിതപ്പാത തമിഴിലേക്ക് മെഴിമാറ്റംചെയ്ത നിർമ്മാല്യമണിയെ ചടങ്ങിൽ ആദരിക്കും. വാർത്താ സമ്മേളനത്തിൽ മാനേജിങ് ട്രസ്റ്റി സി വാസുദേവൻ, ചെയർമാൻ വി ശശികുമാർ, സെക്രട്ടറി വേണു പാലൂർ, കെ പി രമണൻ, എം കെ ശ്രീധരൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News