സ്‌നേഹവീടിന്റെ തണലിൽ അമ്മയും മക്കളും: മുഖ്യമന്ത്രിയുടെ സുരക്ഷാസേനാ നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറി
കൊല്ലം> അസുഖബാധിതയായ അമ്മ മാത്രമുള്ള കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗവ. വിഎച്ച്എസ്എസിലെ രണ്ടു വിദ്യാർഥികൾക്കായി മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങൾ നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നാടാകെ ഒന്നിച്ചു നിന്നുകൊണ്ട് യാഥാർത്ഥ്യമാക്കിയ സ്‌നേഹവീടിന്റെ താക്കോൽദാനത്തിന് പങ്കുചേർന്നത് മനസിനെ ആഴത്തിൽ സ്പർശിച്ച അനുഭവമായിരുന്നെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. വീട് നിർമ്മിക്കാൻ മുന്നോട്ടുവന്ന സുരക്ഷാ ജീവനക്കാർക്ക് അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. വീട് നിർമ്മിക്കാൻ നാടിന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാംഗങ്ങൾ മുന്നോട്ടുവരുന്ന അനുഭവം നമ്മുടെ സാഹോദര്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും പ്രതിഫലനമാണ്. പ്രതിസന്ധികളിലും വെല്ലുവിളികളിലും ഒറ്റപ്പെട്ട് പോകുന്നവരെ ചേർത്തുപിടിക്കുന്നതാണ് ഈ നാടിന്റെ പാരമ്പര്യം. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് വെറും വാക്കല്ല, ഒരു ജനതയെന്ന നിലയ്ക്ക് നാം അടിയുറച്ചു വിശ്വസിക്കുന്ന ഉറപ്പാണതെന്നും മുഖ്യമന്ത്രി കുറിച്ചു. 64 പേരടങ്ങുന്ന സുരക്ഷാ സേനാംഗങ്ങളും പേഴ്സണൽ അസിസ്റ്റന്റും ചേർന്ന കൂട്ടായ്മയാണ് തങ്ങളുടെ വരുമാനത്തിൽ നിന്നുള്ള ഒരു ഭാഗം വീട് നിർമ്മാണത്തിനായി മാറ്റി വെച്ചത്. കുറിപ്പ് അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വമെന്നത് പലർക്കും മനുഷ്യായുസ് മുഴുവൻ നീണ്ട കഠിന പ്രയത്നങ്ങളുടെ സാക്ഷാത്കാരമാണ്. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാതെ പോകുന്നവരും നമുക്ക് ചുറ്റുമുണ്ട്. പലരുടെയും ഈ നിസഹായത തിരിച്ചറിഞ്ഞു വീട് നിർമ്മിക്കാൻ നാടിന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാംഗങ്ങൾ മുന്നോട്ടുവരുന്ന അനുഭവം നമ്മുടെ സാഹോദര്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും പ്രതിഫലനമാണ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗവ. വിഎച്ച്എസ്എസിലെ മിടുക്കരായ വിദ്യാർഥികൾക്കും അമ്മയ്ക്കും മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങൾ വീടൊരുക്കിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. 64 പേരടങ്ങുന്ന സുരക്ഷാ സേനാംഗങ്ങളും പേഴ്സണൽ അസിസ്റ്റന്റും ചേർന്ന കൂട്ടായ്മയാണ് തങ്ങളുടെ വരുമാനത്തിൽ നിന്നുള്ള ഒരു ഭാഗം വീട് നിർമ്മാണത്തിനായി മാറ്റി വെച്ചത്. അസുഖബാധിതയായ അമ്മ മാത്രമുള്ള ഈ കുഞ്ഞുങ്ങളുടെ സാഹചര്യങ്ങൾ മനസിലാക്കി സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വീട് നിർമ്മാണത്തിനായുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു. ഒരു നാടാകെ ഒന്നിച്ചു നിന്നുകൊണ്ട് യാഥാർത്ഥ്യമാക്കിയ ഈ സ്‌നേഹവീടിന്റെ താക്കോൽദാനത്തിന് പങ്കുചേർന്നത് മനസ്സിനെ ആഴത്തിൽ സ്പർശിച്ച അനുഭവമായിരുന്നു. വീട് നിർമിക്കാൻ മുന്നോട്ടുവന്ന സുരക്ഷാ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ. രണ്ട് പെൺകുട്ടികളും മാതാവും അടങ്ങുന്ന കുടുംബത്തെ ചേർത്തുനിർത്തിയ നാട്ടുകാർക്കും ആശംസകൾ. പ്രതിസന്ധികളിലും വെല്ലുവിളികളിലും ഒറ്റപ്പെട്ട് പോകുന്നവരെ ചേർത്തുപിടിക്കുന്നതാണ് ഈ നാടിന്റെ പാരമ്പര്യം. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് വെറും വാക്കല്ല, ഒരു ജനതയെന്ന നിലയ്ക്ക് നാം അടിയുറച്ചു വിശ്വസിക്കുന്ന ഉറപ്പാണത്. Read on deshabhimani.com