ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ യൂണിസെഫിന്റെ നോളജ് പാർട്ണറാകുന്നു; പ്രഖ്യാപനം നാളെ
തിരുവനന്തപുരം> ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിനെ (സിഡിസി) യൂണിസെഫ് ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡർ രോഗങ്ങളുടെ നോളജ് പാർട്ണറാക്കുന്നു. മെഡിക്കൽ കോളേജ് സിഡിസിയിൽ നടക്കുന്ന ദ്വിദിന ദേശീയ സെമിനാറിനോടനുബന്ധിച്ച് ഒക്‌ടോബർ 21 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സിഡിസിയെ യൂണിസെഫ് നോളജ് പാർട്ണറാക്കുന്ന പ്രഖ്യാപനവും ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. യൂണിസെഫ് ചീഫ് ഓഫ് ഹെൽത്ത് ഡോ. വിവേക് വീരേന്ദ്ര സിംഗ് മുഖ്യ പ്രഭാഷണം നടത്തും. സിഡിസിയുടെ പുരോഗതിയ്ക്കായി നടത്തുന്ന ഇടപെടലുകൾക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസായി എസ്എടി ആശുപത്രിയെ തെരഞ്ഞെടുത്തപ്പോൾ അപൂർവ രോഗങ്ങളുടെ നിർണയത്തിനായി സിഡിസി ലാബിനെയാണ് തിരഞ്ഞെടുത്തത്. സിഡിസിയുടെ വികസന പ്രവർത്തനങ്ങൾക്കായി അടുത്തിടെ 2.73 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. സിഡിസിയിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എൻഎബിഎൽ അംഗീകാരവും ലഭിച്ചു. 'കുട്ടിക്കാലത്തെ വെല്ലുവിളികൾ കുറയ്ക്കുക' എന്ന ലക്ഷ്യത്തോടെ വലിയ പ്രവർത്തനങ്ങളാണ് സിഡിസി നടത്തി വരുന്നത്. ഗർഭാവസ്ഥയിൽ തന്നെ കുട്ടികളിലെ വൈകല്യങ്ങൾ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആംനിയോസെന്റസിസ് 2023 മുതൽ സിഡിസിയിൽ ആരംഭിച്ചു. ആധുനിക ചികിത്സാ മാർഗങ്ങൾ ഉപയോഗിച്ച് ഗർഭിണികളിൽ പരിശോധന നടത്തി വൈകല്യങ്ങൾ നേരത്തെ തന്നെ കണ്ടുപിടിക്കുന്നതിലൂടെ ആവശ്യമായ ചികിത്സാ മാർഗങ്ങൾ ഇവർക്ക് ലഭ്യമാക്കാൻ സാധിക്കുന്നതായും മന്ത്രി വ്യക്തമാക്കി. കുട്ടികളിലെ വിവിധതരം ശാരീരിക, മാനസിക പ്രശ്‌നങ്ങൾ പരിഹരിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രഥമ പരിഗണന നൽകി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് സിഡിസി. ശിശു, കൗമാര പരിചരണം, വികസനം എന്നീ മേഖലകളിൽ അത്യാധുനിക ക്ലിനിക്കൽ, ഗവേഷണം, അധ്യാപന, പരിശീലന സേവനങ്ങൾ നൽകുന്നു. സിഡിസിയിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിൽ ഒന്നാണ് ജനറ്റിക് ആന്റ് മെറ്റബോളിക് യൂണിറ്റ്. സ്റ്റേറ്റ് ഓഫ് ആർട്ട് മോളിക്യുലർ ലാബും ഇവിടെ പ്രവർത്തിക്കുന്നു. മോളിക്യൂലർ ജനറ്റിക് ടെസ്റ്റുകളും കൗൺസിലിംഗും ഇവിടെ നടത്തുന്നുണ്ട്. എസ്എംഎ, ഹീമോഫിലിയ തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധനകളും സജ്ജമാക്കുന്നു. പ്രതിമാസം 50 ഓളം പേർക്ക് ജനറ്റിക് കൗൺസിലിംഗ് നൽകി വരുന്നുണ്ട്. നിരവധി കുടുംബങ്ങളിൽ ജനിതക കൗൺസിലിംഗും ഗർഭാവസ്ഥയിലുള്ള ജനിതക ടെസ്റ്റിംഗും വഴി ജനിതക രോഗങ്ങളെ തടയാൻ സാധിച്ചിട്ടുണ്ട്. 18 വയസ് വരെയുള്ള കുട്ടികൾക്ക് സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് പരിശോധനകൾ നടത്തുന്നത്. സിഡിസിയുടെ സഹകരണത്തോടെയാണ് എസ്.എ.ടി. ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം ആരംഭിക്കുന്നത്. കുട്ടികളിലെ ജനിതക വൈകല്യങ്ങളും നാഡീവ്യൂഹ അപാകതകളും സംബന്ധിച്ച് ഗവേഷണവും പഠനവും ചികിത്സയും പരിശീലനവും നടത്തി വരുന്ന നിരവധി പ്രഗത്ഭ ഡോക്ടർമാരെയും രാജ്യത്തെ മറ്റ് സാങ്കേതിക വിദഗ്ദ്ധരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഒക്ടോബർ 21, 22 തീയതികളിൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡറുകളുടെ നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും എന്ന വിഷയം അടിസ്ഥാനമാക്കിയാണ് സെമിനാർ. ആരോഗ്യ മേഖലയിൽ ഈ രംഗത്ത് പ്രവർത്തിച്ചു വരുന്ന വ്യക്തികളുടെ കൂട്ടായ്മയ്ക്കും, ചർച്ചയ്ക്കും നയ രൂപീകരണത്തിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണിത്. Read on deshabhimani.com