യാഥാർഥ്യം മറച്ചുവച്ച് വേട്ടയാടുന്നു , വാടക നൽകാൻ ഉപയോഗിച്ചത് അച്ഛന്റെയും അമ്മയുടെയും പെൻഷൻ തുക : ചിന്ത ജെറോം
കൊല്ലം അമ്മയുടെ ചികിത്സയ്‌ക്കും താമസിച്ചുവന്ന വീട് പുതുക്കിപ്പണിയുന്നതിനും വേണ്ടിയാണ് കൊല്ലത്തെ സ്വകാര്യ ഹോട്ടൽ അപ്പാർട്ട്‌മെന്റിൽ താൽക്കാലികമായി താമസിക്കേണ്ടിവന്നതെന്ന് യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം പറഞ്ഞു. മരിച്ചുപോയ അച്ഛന്റെ പേരിലുള്ള കുടുംബ പെൻഷനും അധ്യാപികയായിരുന്ന അമ്മയുടെ പെൻഷനുമാണ് വാടക നൽകാൻ ഉപയോഗിച്ചതെന്നും കൊല്ലത്ത് മാധ്യമപ്രവർത്തകരോട് അവർ വ്യക്തമാക്കി. കോവിഡ് കാലത്ത് അമ്മയ്‌ക്ക് ശാരീരികമായ ചില പ്രയാസങ്ങളുണ്ടായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമായിരുന്നു ചികിത്സ. തുടർന്ന് ആയുർവേദ ചികിത്സയിലേക്കു മാറി. താമസിച്ചുവന്ന വീടിന്റെ താഴത്തെ നിലയിൽ കിടപ്പുമുറിയോടു ചേർന്ന് ശുചിമുറി ഉണ്ടായിരുന്നില്ല. ഇത് അമ്മയ്‌ക്ക് ഏറെ പ്രയാസമായി. ഈ സാഹചര്യത്തിൽ ആയുർവേദ ഡോക്ടർ ഗീത ഡാർവിന്റെ നിർദേശപ്രകാരമാണ് താമസം മാറ്റേണ്ടിവന്നത്. ഞങ്ങൾ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിന്റെ മുകളിലത്തെ നിലയിലാണ് ഡോക്ടർ താമസിക്കുന്നത്. വൈദ്യുതിക്കും വെള്ളത്തിനുമുള്ള നിരക്ക് ഉൾപ്പെടെ 20,000 രൂപ വാടകയ്‌ക്കാണ് താമസിച്ചത്. അപ്പാർട്ട്‌മെന്റിന്റെ ബാങ്ക് അക്കൗണ്ടിലാണ് മാസവാടക നൽകിയത്. ഇതൊന്നും മനസ്സിലാക്കാതെ ഏതോ കേന്ദ്രങ്ങൾ തുടർച്ചയായി വേട്ടയാടുകയാണ്. എന്റെയും അമ്മയുടെയും സ്വകാര്യ ജീവിതം പുറത്തു പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്. എന്തിനാണ് ഇങ്ങനെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതെന്ന് അറിയില്ല. പിന്നിൽ ആരെന്നും അറിയില്ല. ആർക്കുമെതിരെ നിയമനടപടിയെക്കുറിച്ചും ആലോചിച്ചിട്ടില്ല. യാഥാർഥ്യം അന്വേഷിക്കാതെ പൊതുസമൂഹത്തിൽ ഇങ്ങനെ വലിച്ചിഴക്കുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. ഊഹങ്ങൾവച്ച് ആദ്യം സാമൂഹ്യ മാധ്യമങ്ങളും പിന്നീട് മറ്റു മാധ്യമങ്ങളും വാർത്തകൊടുത്ത അവസ്ഥയാണുള്ളതെന്നും ചിന്ത ജെറോം പറഞ്ഞു. Read on deshabhimani.com